കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്തഫ ഒളിവിലെന്ന് സൂചന. ഇവർക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കേസ് എടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയതായാണ് പോലീസിന് ലഭിക്കുന്ന വിവരം.
ദൃശ്യങ്ങൾ പകർത്താൻ യുവതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനോടൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനായി സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്നും ഇക്കാര്യം വടകര പോലീസിനെ അറിയിച്ചിരുന്നതായും യുവതി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ വടകര സ്റ്റേഷനിൽ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ യുവതിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിരിക്കുകയാണ്.
സംഭവത്തിൽ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്.
മരിച്ച ദീപക്കിന്റെ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. യുവതി ഒളിവിൽ പോയ സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് നീക്കം. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഒരാളുടെ മരണം ഉറപ്പാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചതിനെതിരെ വലിയ രീതിയിലുള്ള സൈബർ പോരാട്ടങ്ങളും പ്രതിഷേധങ്ങളും നടന്നുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Deepak’s suicide: Indications that the accused woman is absconding; Police have intensified their investigation to find the phone


