ന്യൂഫൗണ്ട്‌ലാൻഡ്: തിങ്കളാഴ്ച രാത്രി ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയുടെ പല ഭാഗങ്ങളും പൂർണ്ണമായും ഇരുട്ടിലായി. ട്രാൻസ്മിഷൻ ലൈനുകൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ഉപഭോക്താക്കൾക്കാണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്. കഴിഞ്ഞ രാത്രിയിൽ മാത്രം ഏകദേശം 24,000 കുടുംബങ്ങൾ വൈദ്യുതിയില്ലാതെ വലഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ അറ്റകുറ്റപ്പണികൾ നടത്തി ഈ സംഖ്യ 10,000 ആയി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് ന്യൂഫൗണ്ട്‌ലാൻഡ് പവർ അറിയിച്ചു.
പ്രവിശ്യയിലുടനീളം വീടുകൾക്കും പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും കാറ്റിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സെന്റ് ജോൺസിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയപ്പോൾ സഗോണ ദ്വീപിൽ കാറ്റിന്റെ വേഗത 165 കിലോമീറ്റർ വരെയായി ഉയർന്നു. ഇത് മേഖലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡിന് തുല്യമാണ്. നിലവിൽ അവലോൺ പെനിൻസുലയിലാണ് കൂടുതൽ വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളുടെ മുകൾഭാഗത്തെ ക്രോസ് ആമുകൾ തകർന്ന നിലയിലാണ്.
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അറ്റകുറ്റപ്പണികൾ നടത്താൻ ആദ്യം തടസ്സങ്ങൾ നേരിട്ടെങ്കിലും നിലവിൽ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് വക്താവ് ഗ്ലെൻഡ പവർ വ്യക്തമാക്കി. വടക്കൻ പെനിൻസുലയിൽ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഹൈഡ്രോ വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ബാക്കിയുള്ള പ്രദേശങ്ങളിലും സേവനം ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Utility companies hard at work after windstorm knocks out service for thousands of customers



