പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ പത്തനംതിട്ട തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി രാഹുലിനെ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. നിലവിൽ മാവേലിക്കര സബ് ജയിലിൽ കഴിയുന്ന പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം രാവിലെ 11 മണിയോടെ തിരുവല്ല കോടതിയിൽ എത്തിക്കും.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനായി രാഹുലിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡി അനുവദിച്ചാൽ ബലാത്സംഗം നടന്നതായി പരാതിയിൽ പറയുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പ്രതിയെ തെളിവെടുക്കും. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പുതിയ പരാതിയിലാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്.
പ്രതിഭാഗം നൽകിയ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനമായ ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കുക. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ സമാന സ്വഭാവമുള്ള മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ കൂടി പ്രതിയായതിനാൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
ജയിലിൽ 26/2026 എന്ന നമ്പറിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു. നിലവിൽ ജയിലിൽ പ്രതിക്ക് പ്രത്യേക പരിഗണനകളൊന്നും നൽകുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. രാഹുലിനെ ഹാജരാക്കുന്നത് പരിഗണിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. എംഎൽഎ സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കാനുള്ള നടപടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rape case: Court to consider Rahul Mangkootatil’s custody application and bail application today



