ഒട്ടാവ: 2019-ൽ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിൽ ക്ര്യൂട്ട്സ്ഫെൽഡ്-ജാക്കോബ് രോഗത്തിന് (CJD) സമാനമായ ലക്ഷണങ്ങളോടെ ചില രോഗികളെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ന്യൂറോളജിസ്റ്റായ ഡോ. അലിയർ മറേറോയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ, സമാനമായ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായി കണ്ടെത്തി. ഓർമ്മക്കുറവ്, പേശികളുടെ വലിഞ്ഞുമുറുക്കം, Optical Illusion, പെട്ടെന്നുള്ള ഭാരം കുറയൽ തുടങ്ങിയ സങ്കീർണ്ണമായ ലക്ഷണങ്ങളാണ് രോഗികളിൽ കണ്ടുവരുന്നത്.
ആദ്യഘട്ടത്തിൽ 20 രോഗികളിൽ ഒതുങ്ങിയിരുന്ന ഈ ലക്ഷണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അഞ്ഞൂറിലധികം പേരിലേക്ക് വ്യാപിച്ചതായാണ് ഡോ. മറേറോ വ്യക്തമാക്കുന്നത്. പ്രദേശത്തെ വനമേഖലകളിൽ ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് (Glyphosate) പോലുള്ള കീടനാശിനികളോ പരിസ്ഥിതിയിലെ മറ്റ് വിഷാംശങ്ങളോ ആകാം ഈ രോഗാവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം സംശയിക്കുന്നു. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം, 2025 മെയ് മാസത്തിൽ പ്രമുഖ മെഡിക്കൽ ജേണലായ ‘ജാമ’യിൽ (JAMA) പ്രസിദ്ധീകരിച്ച പഠനം ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഡോ. ആന്തണി ലാംഗിന്റെ നേതൃത്വത്തിൽ നടന്ന പഠനമനുസരിച്ച്, ഇത് ഒരു പുതിയ രോഗമല്ലെന്നും മറിച്ച് അറിയപ്പെടുന്ന മറ്റ് നാഡീരോഗങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും (Serial Misdiagnosis) ചൂണ്ടിക്കാട്ടുന്നു. അൽഷിമേഴ്സ്, ഡിമെൻഷ്യ, എഫ്.എൻ.ഡി (Functional Neurological Disorder) തുടങ്ങിയ രോഗങ്ങളാണ് രോഗികളിൽ യഥാർത്ഥത്തിൽ ഉള്ളതെന്ന് ഈ ഗവേഷകർ അവകാശപ്പെടുന്നു.
ഈ വിഷയത്തിൽ പ്രവിശ്യാ ഭരണകൂടത്തിന്റെ നിലപാടും വിവാദത്തിലായിട്ടുണ്ട്. രോഗത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം നിരസിച്ചതും അന്വേഷണം പരിമിതപ്പെടുത്തിയതും വിവരങ്ങൾ മൂടിവെക്കാനുള്ള ശ്രമമാണെന്ന് രോഗികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു. നിലവിൽ കൃത്യമായ ചികിത്സ ലഭിക്കാതെ നൂറുകണക്കിന് രോഗികൾ ദുരിതത്തിലാണ്.
കാനഡയിൽ നിയമപരമായ ‘മെഡിക്കൽ അസിസ്റ്റഡ് ഡയിംഗ്’ (MAiD) വഴി ജീവനൊടുക്കാൻ പോലും ചില രോഗികൾ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗികളിൽ നല്ലൊരു ശതമാനവും ഇപ്പോഴും ഡോ. മറേറോയിൽ വിശ്വാസമർപ്പിക്കുകയും തങ്ങൾക്ക് നീതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന പുതിയ ഔദ്യോഗിക റിപ്പോർട്ട് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നാണ് ആരോഗ്യ മേഖല കരുതുന്നത്.
the-battle-over-canada’s-mystery-brain-disease
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



