പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് വിവരം. സൈബർ സുരക്ഷാ ഏജൻസിയായ ‘മാൽവെയർ ബൈറ്റ്സ്’ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് സൈബർ ക്രിമിനലുകൾ കൈക്കലാക്കിയിരിക്കുന്നത്.
ചോർത്തപ്പെട്ട വിവരങ്ങൾ നിലവിൽ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് സൂചനകൾ. സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് അക്കൗണ്ട് പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള അനൗദ്യോഗിക ഇമെയിലുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണകാരികൾ അക്കൗണ്ടുകൾ പൂർണ്ണമായി കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ ‘മെറ്റ’ ഇതുവരെ ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. വ്യക്തിഗത വിവരങ്ങൾ പരസ്യമായതോടെ ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ വലിയ ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അടിയന്തരമായി ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിച്ചു.
ഉപയോക്താക്കൾ പാസ്വേഡുകൾ ഉടൻ മാറ്റുകയും അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി ‘ടു-ഫാക്ടർ ഓതന്റിക്കേഷൻ’ (2FA) സംവിധാനം എനേബിൾ ചെയ്യുകയും വേണം. ഇമെയിലായോ എസ്.എം.എസ് ആയോ ലഭിക്കുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കൂടാതെ, ഇൻസ്റ്റഗ്രാം സെറ്റിംഗ്സിൽ പോയി അക്കൗണ്ട് മറ്റേതെങ്കിലും അപരിചിതമായ ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സുരക്ഷാ നിർദേശത്തിൽ പറയുന്നു.
major-security-breach-in-instagram-17-5-crore-users-information-on-the-dark-web
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



