തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ സജീവ ശബ്ദമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ദീർഘകാലമായി സിപിഎം അംഗമായിരുന്ന റെജി ലൂക്കോസ്, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് പാർട്ടി വിട്ടത്.
ബിജെപി അംഗത്വം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ ഇടതുപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. പഴയതും ദ്രവിച്ചതുമായ ആശയങ്ങളുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അത്തരം ചിന്താഗതികൾ കേരളത്തെ ഒരു വൃദ്ധസദനമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ നാടുവിടുന്നത് തടയാൻ ബിജെപിയുടെ വികസന രാഷ്ട്രീയത്തിനേ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയിലെ വികസന കാഴ്ചകൾ തന്നെ ഞെട്ടിച്ചുവെന്നും ബിജെപി നേതൃത്വത്തിന്റെ വികസന ആശയങ്ങൾ തന്നെ കുറച്ചുകാലമായി സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ വർഗീയവാദികളായി ചിത്രീകരിക്കാനാണ് മറ്റു പാർട്ടികൾ ശ്രമിക്കുന്നത്. എന്നാൽ തന്റെ മുൻ പാർട്ടി കഴിഞ്ഞ കുറച്ചു മാസങ്ങളായി നടത്തുന്നത് വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളാണെന്നും അത് തന്നെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് തുറന്നടിച്ചു. കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Left supporter Reji Lukose joins BJP in Thiruvananthapuram



