ഒട്ടാവ: കാനഡയിലെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗത ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുന്നത് സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിൽ അധികഭാരം ഉണ്ടാക്കുന്നു. ഈ മാസം ആദ്യം കാൽഗറിയിൽ ടിക്കറ്റ് നിരക്ക് 3.80 ഡോളറിൽ നിന്ന് 4 ഡോളറായി ഉയർത്തി. ഒട്ടാവയിൽ 10 സെന്റ് വർദ്ധിപ്പിച്ച് നിരക്ക് 4.10 ഡോളറാക്കാനും തീരുമാനമായി. നേരത്തെ എഡ്മന്റൺ, വിക്ടോറിയ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിലും നിരക്കുകൾ ഉയർത്തിയിരുന്നു. ഊർജച്ചെലവ്, തൊഴിലാളികളുടെ വേതനം, പരിപാലന ചെലവുകൾ എന്നിവയിൽ ഉണ്ടായ വർദ്ധനയാണ് നിരക്ക് ഉയർത്താൻ കാരണമായതെന്ന് അധികൃതർ വിശദീകരിച്ചു.
നിലവിലെ ഫണ്ടിംഗ് മാതൃകകൾ പ്രകാരം കാനഡയിലെ പൊതുഗതാഗത സംവിധാനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പൊതുഗതാഗത ചെലവിന്റെ ശരാശരി 59 ശതമാനവും യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് വരുമാനത്തിലൂടെയാണ് കണ്ടെത്തുന്നത്. എന്നാൽ കോവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് വരുമാനത്തെ ഗണ്യമായി ബാധിച്ചു. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപക പ്രചാരണം മൂലം ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ഗതാഗത സംവിധാനങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സഹായം ചുരുങ്ങാൻ കാരണമായതായി വിദഗ്ധർ വിലയിരുത്തുന്നു.
നഗരങ്ങളിലെ ജനസാന്ദ്രത കുറയുന്നതും വീടുകൾ കൂടുതൽ അകന്നകന്നു സ്ഥിതി ചെയ്യുന്നതുമായ ‘അർബൻ സ്പ്രോൾ’ കാനഡയിലെ ഗതാഗത മേഖല നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ്. കുറഞ്ഞ യാത്രക്കാരെ സേവിക്കാൻ കൂടുതൽ ദൂരങ്ങളിൽ സർവീസ് നടത്തേണ്ടി വരുന്നത് സാമ്പത്തിക നഷ്ടം വർദ്ധിപ്പിക്കുന്നു. ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് വരുമാനം കൂട്ടാനുള്ള എളുപ്പവഴിയായിരിക്കാം, എന്നാൽ ഇത് കുറഞ്ഞ വരുമാനക്കാരെ പൊതുഗതാഗതത്തിൽ നിന്ന് അകറ്റുകയും സാമൂഹിക അസമത്വം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ ലോറൻസ് ഫ്രാങ്ക് മുന്നറിയിപ്പ് നൽകി.
പൊതുഗതാഗതത്തെ ലാഭമുണ്ടാക്കുന്ന ഒരു സ്ഥാപനമായി മാത്രം കാണാതെ, ഒരു അടിസ്ഥാന പൊതുസേവനമായി പരിഗണിക്കണമെന്ന് വാട്ടർലൂ സർവകലാശാലയിലെ പ്രൊഫസർ ജെഫ് കാസല്ലോ അഭിപ്രായപ്പെട്ടു. ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിൽ നടപ്പിലാക്കുന്നതുപോലെ റോഡ് ടോൾ ഏർപ്പെടുത്തി അതിലൂടെ ലഭിക്കുന്ന വരുമാനം പൊതുഗതാഗതത്തിന് വിനിയോഗിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറഞ്ഞ വരുമാനക്കാർക്ക് ടിക്കറ്റ് നിരക്കിൽ സബ്‌സിഡി നൽകണമെന്നും, 2017-ൽ നിർത്തലാക്കിയ പബ്ലിക് ട്രാൻസിറ്റ് ടാക്സ് ക്രെഡിറ്റ് പുനഃസ്ഥാപിക്കണമെന്നും കാസല്ലോ ആവശ്യപ്പെട്ടു.
അതേസമയം, ഓറഞ്ച്‌വിൽ, കാൻമോർ തുടങ്ങിയ ചെറിയ മുനിസിപ്പാലിറ്റികളിൽ പൊതുഗതാഗതം സൗജന്യമാക്കിയതോടെ യാത്രക്കാരുടെ എണ്ണം 150 ശതമാനത്തോളം വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. ന്യൂയോർക്ക് പോലുള്ള വലിയ നഗരങ്ങളിലും ബസ് യാത്ര സൗജന്യമാക്കാനുള്ള പദ്ധതികൾ പരിഗണനയിലാണ്. സുസ്ഥിരവും ആരോഗ്യകരവുമായ സമൂഹം നിർമ്മിക്കാൻ പൊതുഗതാഗതം അനിവാര്യമാണെന്നും, ടിക്കറ്റ് വരുമാനത്തിന് പുറമെ സ്ഥിരതയുള്ള മറ്റ് ധനസമാഹരണ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Public transport fares increase in Canada; ordinary people in crisis



