വിന്നിപെഗ്: വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചതിനെത്തുടർന്ന് വടക്കൻ മാനിറ്റോബയിലെ പിമിസിക്കമാക് ക്രീ നേഷൻ (ക്രോസ് ലേക്ക്) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടത്. നെൽസൺ നദിക്ക് കുറുകെയുള്ള ആയിരം അടി നീളമുള്ള വൈദ്യുതി ലൈൻ തകരാറിലായതാണ് തടസ്സത്തിന് കാരണമെന്ന് മാനിറ്റോബ ഹൈഡ്രോ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ പകൽ വെളിച്ചത്തിൽ മാത്രമേ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കൂ എന്നും ചൊവ്വാഴ്ചയോടെ പ്രവൃത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വൈദ്യുതി തടസ്സം വീടുകളെയും അടിസ്ഥാന സൗകര്യങ്ങളെയും അത്യാവശ്യ സേവനങ്ങളെയും ബാധിച്ചതായി ചീഫ് ഡേവിഡ് മോണിയാസ് അറിയിച്ചു. കടുത്ത തണുപ്പിൽ വീടുകൾ ചൂടാക്കാനോ ഭക്ഷണവും മരുന്നുകളും സൂക്ഷിക്കാനോ കഴിയാത്തത് ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മുതിർന്ന പൗരന്മാർ, കുട്ടികൾ, രോഗികൾ എന്നിവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കമ്മ്യൂണിറ്റിയിൽ വാമിംഗ് സെന്ററുകളും മറ്റ് പിന്തുണാ സംവിധാനങ്ങളും തുറക്കുമെന്ന് ചീഫ് അറിയിച്ചു. നിലവിൽ തകരാർ സംഭവിച്ച സ്ഥലത്തേക്ക് അറ്റകുറ്റപ്പണിക്കാർക്ക് എത്തുന്നതിനായി റോഡുകൾ വൃത്തിയാക്കുന്ന ജോലികൾ നടക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി റെഡ് ക്രോസ് അധികൃതരെയും കമ്മ്യൂണിറ്റി നേതാക്കളെയും ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Power outage in Manitoba; State of emergency declared in First Nation community



