ടൊറന്റോ: ഒന്റാരിയോയിലെ തൊഴിൽ വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനായി പുതിയ തൊഴിൽ നിയമ ഭേദഗതികൾ വരുന്നു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, 25-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ പരസ്യം ചെയ്യുന്ന ഓരോ തസ്തികയിലേക്കും പ്രതീക്ഷിക്കുന്ന ശമ്പള വിവരങ്ങൾ വ്യക്തമാക്കണം. തൊഴിലന്വേഷകർക്ക് ഗുണകരമാകുന്ന രീതിയിൽ നിയമങ്ങളിൽ കാതലായ മാറ്റങ്ങളാണ് ഗവൺമെന്റ് വരുത്തുന്നത്.
തൊഴിൽ പരസ്യങ്ങളിൽ ശമ്പളത്തിന്റെ പരിധി (Salary Range) നൽകുന്നുണ്ടെങ്കിൽ, അത് പ്രതിവർഷം 50,000 ഡോളറിൽ കൂടുതൽ വ്യത്യാസമുള്ളതാകരുത്. കൂടാതെ, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി വെളിപ്പെടുത്തണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. വിദേശത്തുനിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമായി, തൊഴിൽ പരസ്യങ്ങളിൽ ‘കനേഡിയൻ പ്രവൃത്തിപരിചയം’ വേണമെന്ന് നിബന്ധന വെക്കുന്നതിനും വിലക്കുണ്ട്.
ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പ് ഒഴിവാക്കാൻ, അവസാന അഭിമുഖം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ നിയമന കാര്യത്തിൽ തീരുമാനമെടുത്ത് അപേക്ഷകരെ അറിയിച്ചിരിക്കണം. നിയമന പ്രക്രിയയിൽ സുതാര്യതയും തുല്യതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘എംപ്ലോയ്‌മെന്റ് സ്റ്റാൻഡേർഡ്സ് ആക്ടിൽ’ ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ സമാനമായ നിയമം നടപ്പിലാക്കിയതിലൂടെ വേതനത്തിലുള്ള ലിംഗവിവേചനം രണ്ട് ശതമാനത്തോളം കുറയ്ക്കാനായതാണ് ഒന്റാറിയോയ്ക്ക് മാതൃകയായത്.
അതേസമയം, പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് തൊഴിൽ വിതരണ മേഖലയിലുള്ളവർ സമ്മിശ്ര പ്രതികരണമാണ് നൽകുന്നത്. ശമ്പള പരിധിയിൽ 50,000 ഡോളർ വരെയുള്ള വലിയ വ്യത്യാസം അനുവദിക്കുന്നത് നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യം തടസ്സപ്പെടുത്തിയേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എഐ ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സുതാര്യത വർദ്ധിപ്പിക്കുമെങ്കിലും, സാങ്കേതികവിദ്യയിലെ പക്ഷപാതങ്ങൾ ഒഴിവാക്കാൻ ഇത് എത്രത്തോളം സഹായിക്കുമെന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
ഒന്റാരിയോയിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് തൊഴിലുടമകൾക്ക് അധിക ബാധ്യതയുണ്ടാക്കുമെന്ന് ആൾട്ടിസ് റിക്രൂട്ട്‌മെന്റ് ഉടമ കാതറിൻ ട്രെംബ്ലേ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ നൈപുണ്യ വികസനത്തിലും വരുമാന വർദ്ധനവിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് പുതിയ നിബന്ധനകൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തുന്നത് കമ്പനികൾക്ക് വെല്ലുവിളിയായേക്കാം. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് തൊഴിൽ മേഖലയിലെ വിവേചനങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.
Major changes to Ontario law on job postings coming Jan. 1
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



