ഒട്ടാവ: കാനഡയിലുടനീളം ശക്തമായ ശൈത്യതരംഗവും മഞ്ഞുവീഴ്ചയും തുടരുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. ശക്തമായ കാറ്റ്, കനത്ത മഞ്ഞുവീഴ്ച, മൂടൽമഞ്ഞ് എന്നിവ വരും ദിവസങ്ങളിലും തുടരുമെന്നാണ് എൻവയോൺമെന്റ് കാനഡയുടെ പ്രവചനം. മിക്കയിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ന്യൂഫൗണ്ട്‌ലാൻഡ് ഉൾപ്പെടെയുള്ള ചില മേഖലകളിൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ മേഖലകളിലാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കാർട്ട്‌റൈറ്റ്, ബേ വെർട്ടെ എന്നിവിടങ്ങളിൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് കാഴ്ചപരിധി കുറയ്ക്കുന്നത് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് ന്യൂഫൗണ്ട്‌ലാൻഡിൽ ഏകദേശം 4,200 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തെക്കൻ ഒന്റാറിയോയിൽ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ഐസ് കലർന്ന മഴയ്ക്കും സാധ്യതയുണ്ട്. ടൊറന്റോയുടെ വടക്കൻ ഭാഗങ്ങളിൽ അഞ്ച് മുതൽ 12 സെന്റീമീറ്റർ വരെയും, തണ്ടർ ബേ പോലുള്ള വടക്കൻ മേഖലകളിൽ 15 സെന്റീമീറ്റർ വരെയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയോടെ തെക്കൻ ന്യൂഫൗണ്ട്‌ലാൻഡിൽ മഞ്ഞുവീഴ്ച മഴയായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പടിഞ്ഞാറൻ കാനഡയിലെ ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, യൂക്കോൺ എന്നിവിടങ്ങളിൽ അതിശൈത്യമാണ് അനുഭവപ്പെടുന്നത്. ഡോസൺ, ബീവർ ക്രീക്ക് മേഖലകളിൽ തണുപ്പ് മൈനസ് 55 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിട്ടുണ്ട്. കനത്ത ശൈത്യവും കാറ്റും നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. വരും മണിക്കൂറുകളിൽ സ്ഥിതിഗതികളിൽ നേരിയ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, കനത്ത മഞ്ഞുവീഴ്ച കായിക-വിനോദസഞ്ചാര മേഖലയ്ക്ക് ആവേശം പകർന്നിട്ടുണ്ട്. ആൽബർട്ടയിലെ ലേക്ക് ലൂയിസ് സ്കീ റിസോർട്ടിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 55 സെന്റീമീറ്ററിലധികം മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും മികച്ച സീസൺ തുടക്കമാണിതെന്ന് റിസോർട്ട് അധികൃതർ വ്യക്തമാക്കി. സ്കീയിംഗ് പ്രിയർക്കും ടൂറിസ്റ്റുകൾക്കും ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.
/snow-freezing-rain-and-extreme-cold-make-for-a-wintry-boxing-day-across-the-country
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



