ലണ്ടൻ: യുകെയിലെ മലയാളി നഴ്സിനോട് വംശീയ വിദ്വേഷം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നഴ്സിങ് ഹോം മാനേജർ മിഷേൽ റോജേഴ്സിന്റെ പിൻ (PIN) നമ്പർ എൻഎംസി റദ്ദാക്കി. ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരോട് ക്രൂരമായി പെരുമാറുകയും വീസ സ്പോൺസർഷിപ്പ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ഇവർക്ക് വിനയായത്.
ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരെ തുടർച്ചയായി എട്ടു ദിവസം വരെ രാത്രി ജോലി ചെയ്യിക്കുകയും ‘ഇത് ഇന്ത്യയല്ല ഇംഗ്ലണ്ടാണ്’ എന്ന് പറഞ്ഞു പരിഹസിക്കുകയും ചെയ്തതായി അന്വേഷണ പാനൽ കണ്ടെത്തി. നഴ്സുമാർക്ക് അർഹമായ പരിശീലനം നൽകാൻ തയ്യാറാകാതിരുന്ന മിഷേൽ, ചെറിയ തെറ്റുകൾ പോലും വലുതാക്കി കാണിച്ച് മലയാളി നഴ്സിനെതിരെ എൻഎംസിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. മലയാളി നഴ്സ് മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് ശ്രമിച്ചപ്പോൾ മോശം റഫറൻസ് നൽകി അത് തടസ്സപ്പെടുത്താനും ഇവർ ശ്രമിച്ചു.
ജോലി നഷ്ടപ്പെട്ട് രാജ്യം വിടേണ്ട സാഹചര്യത്തിൽ മലയാളി നഴ്സ് ക്രിമിനൽ അഭിഭാഷകൻ ബൈജു തിട്ടാലയുടെ സഹായം തേടി. ഏഴു ദിവസം നീണ്ട വിചാരണയ്ക്കൊടുവിൽ മലയാളി നഴ്സ് നിരപരാധിയാണെന്ന് എൻഎംസി കണ്ടെത്തുകയും കുറ്റവിമുക്തയാക്കുകയും ചെയ്തു. തുടർന്ന് മിഷേലിനെതിരെ എൻഎംസി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഏഷ്യക്കാരോട് വംശീയ വിദ്വേഷം പുലർത്തുന്ന ഇവർ നഴ്സിങ് ഹോമിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായും പാനൽ നിരീക്ഷിച്ചു.
വിചാരണയോട് സഹകരിക്കാതെ പാതിവഴിയിൽ ഇറങ്ങിപ്പോയ മിഷേലിന്റെ പെരുമാറ്റം നഴ്സിങ് ജോലിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് എൻഎംസി കണ്ടെത്തി. ഇവരെ നഴ്സിങ് റജിസ്റ്ററിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാൻ ഉത്തരവിട്ടു. അപ്പീൽ നൽകാൻ 28 ദിവസത്തെ സമയം നൽകിയിട്ടുണ്ടെങ്കിലും, ആ കാലയളവിലും ജോലി ചെയ്യാനാകാത്ത വിധം 18 മാസത്തെ താൽക്കാലിക സസ്‌പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ട്. വംശീയ വിവേചനത്തിനെതിരെ കർക്കശമായ നിലപാടാണ് യുകെ സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ ഉത്തരവെന്ന് അഭിഭാഷകൻ ബൈജു തിട്ടാല പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Malayali Nurse wins case after racial abuse



