കൊച്ചി: 2017ലെ നടി ആക്രമണക്കേസിൽ വിചാരണക്കോടതി വിധിയെ തുടർന്ന് ആദ്യ പ്രതികരണവുമായി അതിജീവിത. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അതിജീവിത തന്റെ രൂക്ഷ വിമർശനം ഉന്നയിച്ചത്. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലെ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടിരുന്നെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടി. ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയും അതിജീവിത പങ്കുവെച്ചു.
പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ നീണ്ട യാത്രയുടെ അവസാനമായി ഈ വിധിയെ കാണുന്നതായും നടി പറഞ്ഞു. കേസ് കെട്ടിച്ചമച്ച കഥയാണെന്ന് പരിഹസിച്ചവർക്ക് ഈ വിധി സമർപ്പിക്കുന്നതായും കുറിപ്പിൽ വ്യക്തമാക്കി.പോസ്റ്റിൽ അതിജീവിത വിചാരണക്കോടതിയോടുള്ള വിശ്വാസക്കുറവിന്റെ കാരണങ്ങൾ അക്കമിട്ട് വിശദീകരിച്ചു. മെമ്മറി കാർഡ് കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നു പരിശോധിച്ചുവെന്നും, പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം പ്രകടിപ്പിച്ചുവെന്നും, കൂടാതെ മെമ്മറി കാർഡ് അനധികൃത കൈകാര്യത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം തള്ളി, ആദ്യത്തെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ പക്ഷപാതം ചൂണ്ടിക്കാട്ടി രാജിവെച്ചു, അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും പോസ്റ്റിൽ നടി കുറിച്ചു.
പോസ്റ്റിന്റെ അവസാന ഭാഗത്ത് അതിജീവിത, കേസിന്റെ നീണ്ട നിയമപോരാട്ടത്തിൽ തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുണ്ട്. “ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു,” എന്ന് അതിജീവിത കുറിച്ചു. തുടർന്ന്, അതിജീവിത വിമർശകരെയും സൈബർ ആക്രമണങ്ങൾ നടത്തിയവരെയും അഭിസംബോധന ചെയ്തു. “അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക – അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്,” എന്ന ശക്തമായ ഭാഷയിലാണ് അതിജീവിത പ്രതികരിച്ചത്. പണം വാങ്ങി നുണക്കഥകൾ പ്രചരിപ്പിക്കുന്നവർക്കെതിരായ ഈ പരാമർശം, അത്തരം ആക്രമണങ്ങൾ തന്റെ ദൃഢനിശ്ചയത്തെ ബാധിക്കില്ലെന്ന വ്യക്തമായ സൂചനയും അതിജീവിത നൽകി. അപ്പീലിനുള്ള സൂചനയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്, യാത്ര തുടരുമെന്നും അതിജീവിത സൂചിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actress attack case: Survivor's Instagram post criticizing the court



