ന്യൂയോർക്ക്: യുഎസ്-കാനഡ അതിർത്തി വഴി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ന്യൂയോർക്ക് സ്വദേശിയായ യുവതിക്കെതിരെ ഫെഡറൽ കോടതിയിൽ കുറ്റം ചുമത്തി. പ്ലാറ്റ്‌സ്‌ബെർഗ് സ്വദേശിനിയായ 42-കാരി സ്റ്റേസി ടെയ്‌ലറെയാണ് അനധികൃത കുടിയേറ്റം നടത്താൻ സഹായിച്ചതിന് അമേരിക്കൻ അധികൃതർ അറസ്റ്റ് ചെയ്തത്.
ഈ വർഷം ജനുവരി മാസത്തിൽ ക്യുബെക്ക് അതിർത്തിക്കടുത്തുള്ള ചുരുബസ്കോയ്ക്ക് സമീപം വെച്ച് യുഎസ് ബോർഡർ പട്രോൾ ഏജൻ്റുമാർ ടെയ്ലറുടെ വാഹനം തടയുകയായിരുന്നു. പരിശോധനയിൽ, നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെടെ നാല് പേരെയാണ് കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടെയ്ലറുടെ മൊബൈൽ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർക്ക്, ഇതിനുമുമ്പുള്ള ദിവസങ്ങളിൽ നിരവധി തവണ ഇവർ ആളുകളെ കടത്തിയതിൻ്റെ ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിച്ചു. കൂടാതെ, ഈ വർഷം സെപ്റ്റംബറിലെ മറ്റൊരു അനധികൃത കടത്തുകേസിലും യുവതിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കടത്താൻ ഗൂഢാലോചന നടത്തിയതിനും ലാഭത്തിനായി ആളുകളെ കടത്തിയതിനും ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ലാഭത്തിനായി ആളുകളെ കടത്തിയ ഓരോ കുറ്റത്തിനും കുറഞ്ഞത് അഞ്ച് വർഷം തടവ് നിർബന്ധമാക്കിയുള്ള ശിക്ഷയാണ് യുഎസ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിന് അനുസരിച്ച് ശിക്ഷാകാലാവധി വർധിക്കാനും സാധ്യതയുണ്ട്. അനധികൃത കുടിയേറ്റ ശൃംഖലകളിൽ പങ്കാളികളാകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New York woman charged with smuggling Indians across US-Canada border






