വാഷിംഗ്ടൺ: സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ്, വാർണർ ബ്രോസ് ഡിസ്കവറിയുടെ ചലച്ചിത്ര, സ്ട്രീമിംഗ് ബിസിനസുകൾ 72 ബില്യൺ ഡോളറിന് വാങ്ങാൻ ധാരണയായി. കോംകാസ്റ്റ്, പാരാമൗണ്ട് സ്കൈഡാൻസ് തുടങ്ങിയ എതിരാളികളെ പിന്തള്ളിയാണ് നെറ്റ്ഫ്ലിക്സ് ഈ സുപ്രധാന ഹോളിവുഡ് ഇടപാട് ഉറപ്പിച്ചത്. ‘ഹാരി പോട്ടർ’, ‘ഗെയിം ഓഫ് ത്രോൺസ്’ തുടങ്ങിയ പ്രശസ്ത ഫ്രാഞ്ചൈസികളും, എച്ച്ബിഒ മാക്സ് സ്ട്രീമിംഗ് സേവനവും വാർണർ ബ്രോസിൻ്റേതാണ്. ഈ ഏറ്റെടുക്കൽ വിനോദ വ്യവസായത്തിൽ ഒരു പുതിയ ശക്തിക്ക് രൂപം നൽകുമെന്നാണ് ആരാധകരുടെ അഭിപ്രായം.
നെറ്റ്ഫ്ലിക്സ് സഹ-ചീഫ് എക്സിക്യൂട്ടീവ് ടെഡ് സരണ്ടോസ് പറഞ്ഞതനുസരിച്ച്, വാർണർ ബ്രോസിൻ്റെ സിനിമകളുടെയും ഷോകളുടെയും ശേഖരം നെറ്റ്ഫ്ലിക്സിൻ്റെ ‘സ്ട്രേഞ്ചർ തിംഗ്സ്’ പോലുള്ള സീരീസുകളുമായി ചേരുമ്പോൾ പ്രേക്ഷകർക്ക് കൂടുതൽ വിനോദം ലഭിക്കും. ഇത് അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിന് പുതിയ രൂപം നൽകാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 2 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെ ലാഭമുണ്ടാക്കാൻ കഴിയുമെന്നാണ് നെറ്റ്ഫ്ലിക്സിൻ്റെ കണക്കുകൂട്ടൽ. വാർണർ ബ്രോസ് നിർമ്മിക്കുന്ന സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് തുടരുമെന്നും, വാർണർ ബ്രോസ് ടെലിവിഷൻ സ്റ്റുഡിയോയ്ക്ക് മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടി ഉള്ളടക്കം നിർമ്മിക്കാൻ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ഈ കരാർ നിയമപരമായി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് മത്സര അതോറിറ്റികളുടെ അംഗീകാരം നേടേണ്ടതുണ്ട്. തങ്ങൾക്ക് നിയന്ത്രണപരമായ അംഗീകാരം ലഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ തന്നെ, ഫിലിം ഇൻഡസ്ട്രിയിലെ ചില വിഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക ഉൾപ്പെടെയുള്ളവർ, ഈ ലയനം തൊഴിലാളികളെയും ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കുമെന്നും, ഉള്ളടക്കത്തിൻ്റെ വൈവിധ്യം കുറയ്ക്കുമെന്നും ജോയിൻ്റ് സ്റ്റേറ്റ്മെൻ്റിലൂടെ അഭിപ്രായപ്പെട്ടു. കൂടാതെ, ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തിന് ഇത് ഭീഷണി ആണെന്ന് ട്രേഡ് ഓർഗനൈസേഷനായ സിനിമ യുണൈറ്റഡ് ചീഫ് എക്സിക്യൂട്ടീവ് മൈക്കിൾ ഓ’ലിയറി മുന്നറിയിപ്പ് നൽകി.
വരും മാസങ്ങളിൽ നെറ്റ്ഫ്ലിക്സിൻ്റെ ഈ ‘സർപ്രൈസ് നീക്കം’ വിപണിയിൽ വലിയ മാറ്റങ്ങൾ വരുത്തും. ഈ ലയനം ഹോളിവുഡിനെ പുനഃക്രമീകരിക്കുമെന്നും, ഒരുപക്ഷേ ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിൻ്റെ സബ്സ്ക്രിപ്ഷൻ നിരക്കിൽ വർധനവുണ്ടാക്കാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Netflix acquires Warner Bros.' streaming businesses for $72 billion






