ഒട്ടാവ/കോപ്പൻഹേഗൻ: കാനഡയിലെ കുറഞ്ഞ വേതനം, ആനുകൂല്യങ്ങളുടെ അഭാവം, ഉയർന്ന ജീവിതച്ചെലവ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി ഡെൻമാർക്കിലെ മക്‌ഡൊണാൾഡ്‌സ് തൊഴിലാളികളുടെ ഉയർന്ന വേതനം. മണിക്കൂറിന് ഏകദേശം 22 യുഎസ് ഡോളർ (ഏകദേശം $30 കനേഡിയൻ ഡോളർ) ഡെൻമാർക്കിലെ ഫാസ്റ്റ് ഫുഡ് മേഖലയിലെ ജീവനക്കാർക്ക് ലഭിക്കുന്നു എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് കാനഡയിലെ തൊഴിലാളി സംഘടനകളും പ്രവാസികളും ഈ വിഷയം വീണ്ടും ഏറ്റെടുത്തത്. എന്നാൽ, ഡെൻമാർക്കിലെ ഈ ഉയർന്ന വേതനത്തിന് പിന്നിൽ കാനഡയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമ്പത്തിക-തൊഴിൽ മോഡലാണ് പ്രവർത്തിക്കുന്നത്.
ഡെൻമാർക്ക് മോഡൽ: യൂണിയൻ ശക്തി
കാനഡയിൽ നിന്ന് വ്യത്യസ്തമായി ഡെൻമാർക്കിന് സർക്കാർ നിശ്ചയിച്ച മിനിമം വേതന നിയമം (Minimum Wage Law) ഇല്ല. അവിടെ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നത് പ്രധാനമായും ശക്തമായ തൊഴിലാളി യൂണിയനുകളും തൊഴിലുടമ സംഘടനകളും തമ്മിലുള്ള കരാറുകൾ (Collective Bargaining Agreements – CBAs) വഴിയാണ്.
ഫാസ്റ്റ്-ഫുഡ് മേഖലയിലെ ഏറ്റവും വലിയ യൂണിയനായ 3F – യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ഡാനിഷ് വർക്കേഴ്‌സ്, മക്‌ഡൊണാൾഡ്‌സ് ഉൾപ്പെടെയുള്ള മുഴുവൻ വ്യവസായത്തെയും ഉൾപ്പെടുത്തി കരാറുകൾ ഉണ്ടാക്കുന്നുണ്ട്. ഈ കരാറുകൾ പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ കാനഡയുമായി താരതമ്യം ചെയ്യുമ്പോൾ ഞെട്ടിപ്പിക്കുന്നതാണ്:
മണിക്കൂറിന് 20–22 യുഎസ് ഡോളർ (ഏകദേശം $30 CAD) വരെയാണ് വേതനം. 5–6 ആഴ്ചത്തെ പെയ്ഡ് അവധിയും ലഭിക്കും. തൊഴിലുടമയുടെ പെൻഷൻ സംഭാവന, മാതൃത്വ–പിതൃത്വ അവധി, ഇൻഷുറൻസ്, ജോലി സുരക്ഷിതത്വം എന്നിവയെല്ലാം ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ വരും.ഡെൻമാർക്കിലെ ഫാസ്റ്റ്-ഫുഡ് മേഖലയിലെ 70% ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്.
കാനഡയിലെ സാഹചര്യം: നിയമവും ഫ്രാഞ്ചൈസി മോഡലും
കാനഡയിലെ ഫാസ്റ്റ്-ഫുഡ് മേഖലയിൽ വേതനം പ്രധാനമായും പ്രവിശ്യകൾ നിശ്ചയിക്കുന്ന മിനിമം വേതന നിയമങ്ങൾ അനുസരിച്ചാണ്. ഉദാഹരണത്തിന് ഒന്റാരിയോയിൽ $17.60-ഉം ബ്രിട്ടീഷ് കൊളംബിയയിൽ $17.85-ഉം ആണ് നിലവിലെ നിരക്കുകൾ.കാനഡയിലെ മക്‌ഡൊണാൾഡ്‌സിന്റെ ഭൂരിഭാഗം ശാഖകളും സ്വതന്ത്ര ഫ്രാഞ്ചൈസി ഉടമസ്ഥതയിൽ ആയതിനാൽ ഓരോ ശാഖയും തൊഴിൽ നിബന്ധനകളിൽ വ്യത്യാസം വരുത്തുന്നു. ഡെൻമാർക്കിൽ നിന്ന് വ്യത്യസ്തമായി കാനഡയിൽ യൂണിയൻ സാന്നിധ്യം 5% ൽ താഴെ മാത്രമാണ്. തൊഴിലാളികൾക്ക് കൂട്ടായി വേതനത്തിനായി വിലപേശാൻ കഴിയാത്ത അവസ്ഥയാണ് കാനഡയിലുള്ളത്.
ഡെൻമാർക്കിന്റെ കരുത്ത് ഉയർന്ന നികുതി മോഡൽ
ഈ ഉയർന്ന വേതനത്തിനും ആനുകൂല്യങ്ങൾക്കും ഡെൻമാർക്ക് വലിയ വില നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. ഈ ഉയർന്ന നികുതി സംവിധാനം വഴിയാണ് അവിടുത്തെ തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, സബ്സിഡിയോടെയുള്ള കുട്ടികളുടെ ഡേകെയർ, ദീർഘകാല പെയ്ഡ് പേരന്റൽ ലീവ് തുടങ്ങിയ ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭിക്കുന്നത്.
വിദഗ്ധരുടെ വിലയിരുത്തൽ:
അതേസമയം, അടുത്തിടെ പുറത്തുവന്ന വൈറൽ പോസ്റ്റിലെ വിവരങ്ങൾ ഡെൻമാർക്കിനെക്കുറിച്ച് സത്യമാണെങ്കിലും, കാനഡയുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയായ സമീപനമല്ല എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. കാരണം രണ്ടു രാജ്യങ്ങളുടെയും തൊഴിൽ മോഡലുകളും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും പൂർണ്ണമായും വ്യത്യസ്തമാണ്. ഉയർന്ന നികുതി നൽകുന്ന ഡെൻമാർക്കിലെ പൗരന്മാർക്ക് ഈ ആനുകൂല്യങ്ങൾ അവരുടെ അവകാശമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, യൂണിയനുകൾക്ക് വലിയ ശക്തിയുള്ള ഡെൻമാർക്കിലെ തൊഴിൽ മോഡൽ കാനഡയിൽ നടപ്പിലാക്കാതെ, കേവലം വേതന വർദ്ധനവ് മാത്രം ആവശ്യപ്പെടുന്നത് പ്രായോഗികമാകില്ലെന്നാണ് അവരുടെ അഭിപ്രായം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
McDonald's in Denmark offers up to $22 per hour; Canada's minimum wage under discussion again

