ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ താമസക്കാർക്ക് ഇന്ധനവിലയിൽ ആശ്വാസം നൽകാനുള്ള പ്രവിശ്യാ സർക്കാരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. ഇന്ധന വിലയിലെ ‘കാർബൺ കോസ്റ്റ് അഡ്ജസ്റ്റർ’ (Carbon Cost Adjuster) ഒഴിവാക്കാനുള്ള നിയമനിർമ്മാണം ന്യൂ ബ്രൺസ്‌വിക്ക് എനർജി ആൻഡ് യൂട്ടിലിറ്റീസ് ബോർഡ് (EUB) ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കി. ഡിസംബർ 1 മുതൽ കാർബൺ കോസ്റ്റ് അഡ്ജസ്റ്റർ നീക്കം ചെയ്ത്, ശരാശരി ഒരു വീട്ടുടമയ്ക്ക് പ്രതിവർഷം $150 മുതൽ $200 വരെ ഇന്ധനത്തിൽ ലാഭമുണ്ടാക്കാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ, EUB-യുടെ ഇടപെടൽ കാരണം ഇനി വിലയിൽ മാറ്റമുണ്ടാകില്ല.
ഇന്ധനവില നിയന്ത്രിക്കുന്ന ബോർഡ്, കാർബൺ കോസ്റ്റ് അഡ്ജസ്റ്റർ ഒഴിവാക്കിയാൽ ഉണ്ടാകുന്ന നഷ്ടം മൊത്തക്കച്ചവടക്കാരും റീട്ടെയിലർമാരും വഹിക്കേണ്ടിവരുമെന്നും, ഇത് പ്രവിശ്യയിലെ നിരവധി ഗ്യാസ് സ്റ്റേഷനുകളുടെ അടച്ചുപൂട്ടലിന് കാരണമായേക്കുമെന്നും വിലയിരുത്തിയതോടെയാണ് ഈ നിയമം റദ്ദാക്കിയത്. കൂടുതൽ വിശദമായ പരിശോധനയ്ക്ക് ശേഷം 90 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും EUB അറിയിച്ചിട്ടുണ്ട്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്നും, EUB-യുടെ തീരുമാനത്തിൽ നിരാശയുണ്ടെന്നും ന്യൂ ബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ട് പ്രതികരിച്ചു.
കാനഡയിലെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ന്യൂ ബ്രൺസ്‌വിക്കിലെ ഇന്ധന വിപണി നിയന്ത്രിക്കുന്നത് (regulated) EUB ആണ്. വിപണി നിയന്ത്രിതമായതിനാൽ ഗ്യാസ് സ്റ്റേഷനുകൾക്ക് ഡെലിവറി ചാർജുകൾ പോലുള്ള അധിക ചെലവുകൾ ഉപഭോക്താക്കളിലേക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല. ഈ വിഷയങ്ങൾ പരിഗണിച്ചാണ് EUB-യുടെ പുതിയ ഉത്തരവ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick EUB rules to cancel removal of carbon cost adjuster






