സറേ: ബ്രിട്ടീഷ് കൊളംബിയയിലെ ഇന്ത്യൻ വംശജർക്കിടയിൽ വർധിച്ചു വരുന്ന പണപ്പിരിവ്, വെടിവയ്പ്പ് ഭീഷണികൾ എന്നിവ തടയാനായി കാനഡ സർക്കാർ 6.2 മില്യൺ ഡോളറിൻ്റെ (ഏകദേശം 51 കോടി ഇന്ത്യൻ രൂപ) പദ്ധതിക്ക് തുടക്കം കുറിച്ചു. ഫെഡറൽ, പ്രൊവിൻഷ്യൽ, മുനിസിപ്പൽ നേതാക്കൾ സറേയിൽ നടത്തിയ പ്രത്യേക ഉച്ചകോടിയിലാണ് ഈ സുപ്രധാന പ്രഖ്യാപനം. റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ സൗത്ത് ഏഷ്യൻ ഉടമസ്ഥതയിലുള്ള ബിസിനസുകളെയാണ് അന്താരാഷ്ട്ര ഗുണ്ടാസംഘങ്ങൾ ലക്ഷ്യമിടുന്നത്. പലപ്പോഴും 50,000 ഡോളറിലധികം (ഏകദേശം 41 ലക്ഷം രൂപ) വരെയാണ് ഇവർ മോചനദ്രവ്യം ആവശ്യപ്പെടുന്നത്.
ഈ തട്ടിപ്പ് സംഘങ്ങൾക്ക് ഇന്ത്യയിലെ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഘങ്ങളുമായി ബന്ധമുള്ള 95 വിദേശ പൗരന്മാരെ പരിശോധിക്കുകയും അഞ്ച് പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഭീഷണി, വെടിവയ്പ്പ്, തീവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 100-ൽ അധികം പോലീസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം മാത്രം സറേയിൽ 40-ൽ അധികം വെടിവയ്പ്പ് സംഭവങ്ങളുണ്ടായി. പ്രശസ്ത ഇന്ത്യൻ കോമേഡിയൻ കപിൽ ശർമ്മയുടെ സറേയിലെ കഫേയിൽ ഒക്ടോബറിൽ നടന്ന വെടിവയ്പ്പ് സംഭവം ഈ ഭീഷണിയുടെ തീവ്രത വർദ്ധിപ്പിച്ചു.
പ്രധാന സഹായങ്ങൾ:
$4 മില്യൺ: പോലീസ് അന്വേഷണ വിഭാഗത്തിൻ്റെ (B.C. Extortion Task Force) ശേഷി വർദ്ധിപ്പിക്കാനായി നീക്കിവച്ചു.
$5 ലക്ഷം: തട്ടിപ്പിന് ഇരയായവർക്ക് കൗൺസിലിംഗ് നൽകാനും പഞ്ചാബി, ഹിന്ദി ഭാഷകളിൽ ഉൾപ്പെടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ വിതരണം ചെയ്യാനുമായി അനുവദിച്ചു.
$1.5 മില്യൺ: യുവജനങ്ങളെ ഗുണ്ടാ സംഘങ്ങളിലേക്ക് ആകർഷിക്കുന്നത് തടയാനായി സറേയിൽ ഒരു യൂത്ത് എൻഗേജ്‌മെന്റ് ഹബ്ബിനായി (Youth Engagement Hub) നീക്കിവച്ചു.
സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും പ്രവാസി സമൂഹത്തിന് ആശ്വാസം നൽകാനും ഈ നടപടി സഹായിക്കുമെന്നാണ് കനേഡിയൻ അധികൃതരുടെ പ്രതീക്ഷ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Extortions targeting Indians: Canada launches multi-million dollar fight at Surrey summit






