സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചരിത്രമായിരുന്നു ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്. സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ, സിനിമയുടെ സംവിധാന ചുമതലയിൽ നിന്ന് സുന്ദർ സി പിൻവാങ്ങിയെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ‘തലൈവർ 173’ എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ഈ പ്രോജക്റ്റിൽ നിന്നും അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം പിന്മാറുകയാണെന്ന് സംവിധായകൻ സുന്ദർ സി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ഈ ഐക്കോണിക് കോംബോയുടെ ചിത്രം ഒരുക്കുക എന്നത് തനിക്കൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്നും, വലിയ വേദനയോടെയാണ് ഈ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
സുന്ദർ സി യുടെ ഈ പിന്മാറ്റം സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ ചോദ്യചിഹ്നം ഉയർത്തിയിട്ടുണ്ട്. 2027-ലെ പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ഈ ചിത്രം, കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലായിരുന്നു നിർമ്മിക്കാനിരുന്നത്. രജനികാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടിലേറെയുള്ള സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായിട്ടാണ് ഈ സംരംഭത്തെ കമൽഹാസൻ വിശേഷിപ്പിച്ചത്. പ്രഖ്യാപന വീഡിയോ വലിയ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ വന്ന ഈ വാർത്ത ആരാധകർക്കിടയിലും വലിയ നിരാശ പരത്തിയിട്ടുണ്ട്.
രണ്ട് ഇതിഹാസങ്ങൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ നിന്ന് സുന്ദർ സി പിന്മാറിയതിന്റെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ എന്ന പ്രയോഗം മാത്രമാണ് അദ്ദേഹം നൽകിയിട്ടുള്ള വിശദീകരണം. ഇത്രയും വലിയൊരു പ്രോജക്റ്റിൽ നിന്നും സംവിധായകൻ പിൻവാങ്ങുമ്പോൾ, പുതിയ സംവിധായകനെ കണ്ടെത്തുക എന്ന വെല്ലുവിളിയാണ് നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നേരിടാൻ പോകുന്നത്. എങ്കിലും, പ്രഖ്യാപിച്ച സമയപരിധിയിൽ തന്നെ ചിത്രം പൂർത്തിയാക്കാനായി കമൽ ഹാസൻ നേരിട്ട് ഇടപെടാനുള്ള സാധ്യതകളും സിനിമാ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. സിനിമയുടെ ഭാവി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായുള്ള ആകാംഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.






