തിയേറ്ററുകളിൽ വൻ വിജയം നേടുന്ന ചിത്രങ്ങൾ മാത്രമല്ല, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന സിനിമകളും ഇപ്പോൾ വലിയ കാഴ്ചക്കാരെയാണ് നേടുന്നത്. തിയേറ്റർ റിലീസിൽ പരാജയപ്പെടുന്ന സിനിമകൾ പോലും ഒ.ടി.ടി.യിൽ വമ്പൻ തരംഗമാകുന്ന കാഴ്ചകളും പതിവാണ്. ഈ ആഴ്ച പ്രമുഖ ഓവർ-ദി-ടോപ്പ് (ഒ.ടി.ടി.) പ്ലാറ്റ്‌ഫോമുകളിൽ റിലീസിനൊരുങ്ങുന്ന ശ്രദ്ധേയമായ ചിത്രങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ഇതിൽ 100 കോടി ക്ലബ്ബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രം ‘ഡ്യൂഡ്’ ആണ് പ്രധാന ആകർഷണം.
ഒരു റൊമാന്റിക് ഫൺ എന്റർടെയ്‌നർ എന്ന നിലയിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘ഡ്യൂഡ്’, ബോക്‌സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ്. നവംബർ 14 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മമിത ബൈജു തമിഴിൽ 100 കോടി നേടുന്ന ആദ്യ ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്. തുടർച്ചയായി മൂന്നാമത്തെ ചിത്രമാണ് പ്രദീപ് രംഗനാഥന്റെ 100 കോടി കളക്ഷൻ നേടുന്നത്. റിലീസ് ചെയ്ത് 28-ാം ദിവസമാണ് ചിത്രം ഒ.ടി.ടി.യിലേക്ക് എത്തുന്നത്. ഡ്യൂഡിൽ മമിത അവതരിപ്പിച്ച വേഷത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
കൂടാതെ, സിദ്ദു ജൊന്നലഗദ്ദ, ശ്രീനിധി ഷെട്ടി, റാഷി ഖന്ന എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘തെലുസു കാത’ എന്ന തെലുങ്ക് ചിത്രവും നവംബർ 14 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണിത്.
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരർത്ഥത്തിൽ ശ്രദ്ധേയമായ റിലീസാണ് മാരി സെൽവരാജ് ചിത്രം ‘ബൈസൺ’. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നേടിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും ഇതിനോടകം തന്നെ കയ്യടി ലഭിച്ചിട്ടുണ്ട്. അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്.
ഈ വാരം ഒ.ടി.ടി.യിലെത്തുന്ന മറ്റൊരു പ്രധാന ചിത്രം അക്ഷയ് കുമാർ നായകനായ ‘ജോളി എൽഎൽബി ത്രീ’ ആണ്. സുഭാഷ് കപൂർ സംവിധാനം ചെയ്ത ഈ ചിത്രം ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കാൻ ഒരുങ്ങുന്നത്. അർഷാദ് വാർസിയും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. നെഗറ്റീവ് അഭിപ്രായങ്ങൾക്കിടയിലും പിന്നീട് മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന കിരൺ അബ്ബാവാരം ചിത്രം ‘കെ റാമ്പ്’ നവംബർ 15 മുതൽ ആഹാ വീഡിയോയിൽ ലഭ്യമാകും. സിനിമയിലെ കോമഡികൾ ക്രിഞ്ചായിരുന്നു എന്ന വിമർശനവും ആദ്യ ദിനങ്ങളിൽ ഉയർന്നിരുന്നു.






