മലയാള സിനിമയുടെ പ്രിയതാരം മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നു. പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമായ ‘തുടക്ക’ത്തിലൂടെയാണ് വിസ്മയയുടെ അരങ്ങേറ്റം. ചിത്രത്തിൻ്റെ ഔദ്യോഗിക പൂജ ചടങ്ങ് മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ച് നടന്നു. മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആശിർവാദ് സിനിമാസിൻ്റെ 37-ാമത്തെ സംരംഭമാണ് ഈ ചിത്രം.
വിസ്മയയുടെ അരങ്ങേറ്റം പ്രേക്ഷകർക്കിടയിൽ വലിയ ആകാംഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ഡിസൈനും പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ഇതൊരു ആക്ഷൻ ചിത്രമായിരിക്കും എന്നാണ്. കൂടാതെ, വിസ്മയ മോഹൻലാൽ ആയോധന കലയിൽ പരിശീലനം നേടിയ വ്യക്തിയാണ് എന്നുള്ള വിവരവും ഈ റിപ്പോർട്ടുകൾക്ക് കൂടുതൽ ബലം നൽകുന്നു. വിസ്മയയ്ക്ക് പുറമെ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിൻ്റെ മകനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മറ്റ് അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല.
മെഗാഹിറ്റായ ‘2018’ എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ‘തുടക്കം’ ശ്രദ്ധേയമാണ്. അഭിനയ രംഗത്തേക്ക് വരുന്നതിനു മുൻപ് വിസ്മയ മോഹൻലാൽ ചലച്ചിത്രമേഖലയിൽ തൻ്റേതായ കൈയൊപ്പ് പതിപ്പിച്ചിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ അസിസ്റ്റൻ്റ് ഡയറക്ടറായി വിസ്മയ പ്രവർത്തിച്ചിട്ടുണ്ട്. ഈ പുതിയ ചുവടുവെപ്പ് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.






