PEI: പ്രിൻസ് എഡ്വേർഡ് ഐലൻഡിനും നോവ സ്കോഷ്യക്കും ഇടയിലുള്ള ഫെറി സർവീസുകൾ സാങ്കേതിക തകരാർ കാരണവും മോശം കാലാവസ്ഥയെ തുടന്നും തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. എം.വി. നോർത്തംബർലാൻഡ് എന്ന കപ്പലിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് തുടർച്ചയായ ദിവസങ്ങളിൽ യാത്രക്കാരെ ദുരിതത്തിലാക്കിയത്. തിങ്കളാഴ്ചത്തെ ബാക്കിയുള്ള എല്ലാ സർവീസുകളും മോശം കാലാവസ്ഥാ പ്രവചനം കാരണം റദ്ദാക്കിയതായി നോർത്തംബർലാൻഡ് ഫെറീസ് ലിമിറ്റഡ് (NFL) അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് എം.വി. നോർത്തംബർലാൻഡിൽ ഒരു “സാങ്കേതിക പ്രശ്നം” ഉണ്ടായത്. അതിനെ തുടർന്ന് നോർത്തംബർലാൻഡ് ഫെറീസ് ലിമിറ്റഡ് ആദ്യമായി സർവീസുകൾ റദ്ദാക്കി. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അന്ന് അധികൃതർ അറിയിച്ചിരുന്നു. താൽക്കാലികമായി പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് ഞായറാഴ്ച എല്ലാ ഫെറി സർവീസുകളും ഷെഡ്യൂൾ അനുസരിച്ച് പുനരാരംഭിച്ചിരുന്നു.
എന്നാൽ, ഞായറാഴ്ച രാത്രിയോടെ വീണ്ടും തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ, തിങ്കളാഴ്ച പുലർച്ചെയുള്ള യാത്രാ സർവീസുകൾ NFL റദ്ദാക്കി. വുഡ് ഐലൻഡ്‌സിൽ നിന്നുള്ള രാവിലെ 7 മണി, കാരിബൂവിൽ (N.S.) നിന്നുള്ള 8:30 മണി സർവീസുകളാണ് ആദ്യം റദ്ദാക്കിയത്. തുടർന്ന്, നിലവിലുണ്ടായിരുന്ന സാങ്കേതിക പ്രശ്നം കാരണം 10 മണി, 11:45 മണി സർവീസുകളും റദ്ദാക്കുന്നതായി NFL അറിയിച്ചു.
സാങ്കേതിക തകരാർ നിലനിൽക്കുന്നതിനിടയിൽ, തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള എല്ലാ സർവീസുകളും മോശം കാലാവസ്ഥാ പ്രവചനം കാരണം റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചു. ഇതോടെ, കാരിബൂവിനും വുഡ് ഐലൻഡ്‌സിനുമിടയിലുള്ള തിങ്കളാഴ്ചത്തെ എല്ലാ ഫെറി യാത്രകളും മുടങ്ങി. ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യാത്രക്കാരെ അറിയിക്കുമെന്നും NFL വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Technical glitch and bad weather; PEI – Nova Scotia ferry services canceled again



