ന്യൂഫൗണ്ടലൻഡ്: കാനഡയുടെ കിഴക്കൻ തീരത്തുള്ള ഹാപ്പി വാലി-ഗൂസ് ബേയിൽ നിന്ന് ഗ്രീൻലാൻഡിലേക്ക് പറന്ന ഒരു ചെറിയ വിമാനം കാണാതായതിനെ തുടർന്ന് ആരംഭിച്ച തിരച്ചിൽ രണ്ടാം ദിവസമായ ഞായറാഴ്ചയും തുടർന്നു. വിമാനം കാണാതായതായി ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 4 മണിയോടെ റിപ്പോർട്ട് ലഭിച്ചതായി ഡെൻമാർക്കിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള എയർ ട്രാഫിക് സേവന കമ്പനിയായ നവിയാർmമാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
കാണാതായ ഈ സിംഗിൾ എഞ്ചിൻ വിമാനം ഒരു അമേരിക്കൻ കമ്പനിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും, വിമാനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഞായറാഴ്ച നവിയാർ സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ശനിയാഴ്ച രാത്രിയിൽ തിരച്ചിൽ നിർത്തിവച്ചിരുന്നു. ഞായറാഴ്ച ബോട്ടുകൾ ഉപയോഗിച്ചുള്ള തിരച്ചിൽ പുനരാരംഭിച്ചെങ്കിലും, താഴ്ന്ന മേഘങ്ങൾ കാരണം വ്യോമ നിരീക്ഷണം തടസ്സപ്പെട്ടു.
ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നൂക്കിന് (Nuuk) 15 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സെർമിറ്റ്സിയാഖ് (Sermitsiaq) പർവത പ്രദേശത്താണ് രക്ഷാപ്രവർത്തകർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ ഹാപ്പി വാലി-ഗൂസ് ബേ പട്ടണവും ഗ്രീൻലാൻഡും തമ്മിൽ ലാബ്രഡോർ കടലാണ് വേർതിരിക്കുന്നത്.
നിലവിൽ, കാണാതായ വിമാനത്തെയോ അതിലുണ്ടായിരുന്ന വ്യക്തിയെയോ കണ്ടെത്താൻ സാധിച്ചിട്ടില്ല. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, തിരച്ചിൽ തുടരാൻ ക്രൂ അംഗങ്ങൾ ശ്രമിക്കുന്നുണ്ട്. വിമാനം കാണാതായതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നവിയാർ പുറത്തുവിട്ടിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
American plane missing: Concern in Canada-Greenland airspace; Search enters second day



