വാഷിങ്ടൺ: ഒരു പരസ്യത്തെച്ചൊല്ലി അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുന്നു. അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
മുൻ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗനെ ഉപയോഗിച്ച് താരിഫിനെതിരെ കാനഡ ഒരു പരസ്യ കാമ്പയിൻ നടത്തിയതിൽ പ്രതിഷേധിച്ച് യുഎസ്സിന്റെ കടുത്ത തീരുമാനം.
‘റൊണാൾഡ് റീഗൻ താരിഫിനെതിരെ സംസാരിക്കുന്ന തരത്തിൽ കാനഡ കുടിലതയോടെ ഒരു പരസ്യം നൽകി, അത് വ്യാജമാണെന്ന് റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്,’ ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
‘യു.എസ് സുപ്രീംകോടതിയെയും മറ്റ് കോടതികളെയും സ്വാധീനിക്കാൻ ലക്ഷ്യമിട്ടാണ് ഇത് ചെയ്തത്. ദേശസുരക്ഷക്കും യു.എസിന്റെ സമ്പദ് വ്യവസ്ഥക്കും താരിഫ് നിർണായകമാണ്. പ്രകോപനപരമായ നടപടികൾ കണക്കിലെടുത്ത് കാനഡയുമായി നടത്തിവന്നിരുന്ന എല്ലാ വ്യാപാര ചർച്ചകളും നിർത്തിവെക്കുന്നു,’ ട്രംപ് കൂട്ടിച്ചേർത്തു.
സെമികണ്ടക്ടറുകളെച്ചൊല്ലിയുള്ള വ്യാപാര തർക്കത്തെത്തുടർന്ന് ജാപ്പനീസ് ഇലക്ട്രോണിക്സിന് 100 ശതമാനം തീരുവ ചുമത്തുന്നതിനെ ന്യായീകരിക്കാൻ റീഗൻ 1987-ൽ നടത്തിയ റേഡിയോ പ്രസംഗത്തിന്റെ ഭാഗങ്ങളാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. 1987-ലെ പ്രസംഗത്തിൽ, തീരുവകൾ ഓരോ അമേരിക്കൻ തൊഴിലാളിയെയും ഉപഭോക്താവിനെയും ദോഷകരമായി ബാധിക്കുമെന്നും കടുത്ത വ്യാപാര യുദ്ധങ്ങൾക്ക് കാരണമാകുമെന്നും റീഗൻ പറഞ്ഞിരുന്നു. ഇതാണ് പരസ്യത്തിൽ ഉപയോഗിച്ചത്. എന്നാൽ, പ്രസംഗത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ക്ലിപ്പ് ഉപയോഗിക്കാൻ ഒന്റാറിയോ സർക്കാർ അനുവാദം ചോദിച്ചിട്ടില്ലെന്നും റൊണാൾഡ് റീഗൻ ഫൗണ്ടേഷൻ അവകാശപ്പെട്ടു.
ഒക്ടോബർ 16-നാണ് പരസ്യം ആദ്യമായി ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. റീഗന്റെ ഓഡിയോക്കൊപ്പം ‘കാനഡയ്ക്കെതിരായ അമേരിക്കൻ തീരുവകൾക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും നിർത്തില്ല. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയാണ് അഭിവൃദ്ധിയിലേക്കുള്ള വഴി.’ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ച ഈ പരസ്യത്തിനായി 75 ദശലക്ഷം ഡോളറാണ് ചെലവഴിച്ചത്. റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ ഇത് ആവർത്തിച്ച് പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ന്യൂസ്മാക്സിലും ബ്ലൂംബെർഗിലുമാണ് പരസ്യം സംപ്രേഷണം ചെയ്തത്.
കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിയിൽ തകർന്ന ഇരുരാജ്യങ്ങളുടേയും സൗഹൃദം ഒരു പരസ്യത്തോടെ കൂടുതൽ വഷളാവുന്ന നിലയിലെത്തി. പല കാനഡക്കാരും അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയും യുഎസിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Trump slams Ottawa over tariffs, Ronald Reagan ad



