ബഹിരാകാശത്ത് വളരെ അപൂർവമായ, ഇരട്ട വളയങ്ങളുള്ള ഒരു ‘വിചിത്ര റേഡിയോ വൃത്തം’ (Odd Radio Circle അഥവാ ORC) ആസ്ട്രോനോമേഴ്‌സ് കണ്ടെത്തിയിരിക്കുന്നു. ഈ കണ്ടെത്തലിന് പിന്നിൽ സാധാരണക്കാരായ ഒരു കൂട്ടം സിറ്റിസൺ സയന്റിറ്റ്‌സ് ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് ഈ ORC-കൾ. റേഡിയോ തരംഗങ്ങളിലൂടെ മാത്രം കാണാൻ കഴിയുന്ന ഇവ, കാന്തിക ശക്തിയുള്ള പ്ലാസ്മ (ചാർജ് ചെയ്ത വാതകം) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു. നമ്മുടെ ക്ഷീരപഥത്തേക്കാൾ 10 മുതൽ 20 ഇരട്ടി വരെ വലിപ്പമുള്ള ഈ ഭീമാകാരമായ വൃത്തങ്ങൾ കണ്ടാൽ ആരും ഒന്നു ഞെട്ടിപ്പോകും.
ഇപ്പോൾ കണ്ടെത്തിയ ORC-ക്ക് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര് RAD J131346.9+500320 എന്നാണ്. ഭൂമിയിൽ നിന്ന് 750 കോടി പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതായത്, ഇതിന്റെ പ്രകാശം നമ്മളിലേക്ക് എത്താൻ 750 കോടി വർഷങ്ങളെടുത്തു. ഇതുവരെ കണ്ടെത്തിയ ORC-കളിൽ വെച്ച് ഏറ്റവും ദൂരെയുള്ളതും ഇതാണ്. മാത്രമല്ല, ഇരട്ടവളയങ്ങളുള്ള രണ്ടാമത്തെ ORC മാത്രമാണിത്. ‘നമ്മുടെ താരാപഥങ്ങളും (Galaxy) തമോദ്വാരങ്ങളും (Black Holes) എങ്ങനെ ഒരുമിച്ച് വളരുന്നു എന്നതിനെക്കുറിച്ച് നിർണായകമായ സൂചനകൾ നൽകാൻ ഈ വിചിത്ര വൃത്തങ്ങൾക്ക് കഴിഞ്ഞേക്കും,’ പഠനത്തിന് നേതൃത്വം നൽകിയ ഡോ. ആനന്ദ ഹോട്ട പറയുന്നു. ഈ കണ്ടെത്തൽ, തമോദ്വാരങ്ങളുടെ അതിശക്തമായ സ്ഫോടനങ്ങളുടെ ഫലമായി പണ്ടുണ്ടായ കാന്തിക പ്ലാസ്മ മേഘങ്ങൾ വീണ്ടും പ്രകാശിക്കുന്നതിന്റെ തെളിവുകളാകാമെന്നാണ് ഗവേഷകരുടെ അനുമാനം.
ഈ വലിയ കണ്ടെത്തലിന് സഹായിച്ചത് ‘RAD@home ആസ്ട്രോണമി കൊളാബറേറ്ററി’ എന്ന ഓൺലൈൻ കൂട്ടായ്മയിലെ സാധാരണക്കാരാണ്. റേഡിയോ തരംഗങ്ങളുടെ ചിത്രങ്ങൾ വിശകലനം ചെയ്യാൻ പരിശീലനം ലഭിച്ചവരാണ് ഇവർ. നെതർലൻഡ്‌സിലെയും യൂറോപ്പിലെയും ആന്റിനകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന LOFAR ടെലസ്‌കോപ്പിന്റെ ഡാറ്റ പരിശോധിക്കുമ്പോഴാണ് ഈ ഇരട്ടവളയം അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു പ്രത്യേക പരിശീലനം ഇല്ലാതെ, ആകസ്മികമായാണ് ഈ അത്ഭുതം അവർ കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള സാധാരണക്കാരും വിദഗ്ധരായ ശാസ്ത്രജ്ഞരും ഒന്നിച്ചു പ്രവർത്തിച്ചാൽ ശാസ്ത്രമേഖലയിൽ എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഈ ORC-കളെപ്പറ്റി ഇനിയും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്. തമോദ്വാരങ്ങളുടെ കൂട്ടിയിടിയിൽ നിന്നോ താരാപഥങ്ങളുടെ സംയോജനത്തിൽ നിന്നോ ആണ് ഇവ ഉണ്ടാകുന്നതെങ്കിൽ, എന്തുകൊണ്ട് ഇത് കൂടുതൽ കാണുന്നില്ല? കൂടുതൽ സൂക്ഷ്മമായി ഇവയെ നിരീക്ഷിക്കാൻ ഭാവിയിൽ വരുന്ന ‘സ്ക്വയർ കിലോമീറ്റർ അറേ’ (SKA) പോലുള്ള അതിനൂതന ടെലസ്‌കോപ്പുകൾക്ക് കഴിഞ്ഞേക്കും. ഈ പുതിയ കണ്ടെത്തൽ പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് തീർച്ചയാണ്. കോടിക്കണക്കിന് വർഷം പഴക്കമുള്ള പ്രപഞ്ചത്തിലെ ഒരു ‘രേഖപ്പെടുത്തൽ’ പോലെയാണ് ഈ ORC-കൾ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Billions of years old! 'Mysterious circle' in the sky as double rings; The scientific world is shocked






