ഒന്റാറിയോ: ഒന്റാറിയോയിലെ കാൻസർ രോഗികൾക്ക് ഇനി പുതിയ ചികിത്സാ മരുന്നുകൾ അതിവേഗം ലഭ്യമാകും. ജീവൻ രക്ഷിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന മരുന്നുകൾ രോഗികളിലേക്ക് ഒരു വർഷം മുൻപേ എത്തിക്കുന്ന ‘Funding Accelerated for Specific Treatments (FAST)’ എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി പ്രവിശ്യയുടെ ഡെപ്യൂട്ടി പ്രീമിയറും ആരോഗ്യ മന്ത്രിയുമായ സിൽവിയ ജോൺസ് അറിയിച്ചു. ടൊറന്റോയിലെ പ്രിൻസസ് മാർഗരറ്റ് കാൻസർ സെന്ററിൽ വെച്ചായിരുന്നു പ്രഖ്യാപനം. ചികിത്സാ ലഭ്യതയിലുള്ള കാലതാമസം കുറയ്ക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായകമാകും.
കാനഡയിലെ എല്ലാ പ്രവിശ്യകളും ചേർന്ന് മരുന്നുകളുടെ വിലയെക്കുറിച്ച് സംസാരിച്ച് തീരുമാനമെടുക്കുന്നതിന് സമയമെടുക്കാറുണ്ട്. എന്നാൽ, ആ ചർച്ചകൾ പൂർത്തിയാകും മുൻപേ തന്നെ, ഹെൽത്ത് കാനഡ അംഗീകരിച്ച, ഏറ്റവും പ്രധാനപ്പെട്ട 7 മുതൽ 10 വരെ കാൻസർ മരുന്നുകൾ ഓരോ വർഷവും വേഗത്തിൽ രോഗികൾക്ക് എത്തിച്ചു കൊടുക്കാൻ ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നു. സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ വേഗതയ്ക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി ജോൺസ് വ്യക്തമാക്കി. കാനഡയിലുടനീളം മരുന്നുകളുടെ വിലപേശൽ സമയം വേഗത്തിലാക്കാനുള്ള പാൻ-കാനഡ ഫാർമസ്യൂട്ടിക്കൽ അലയൻസിന്റെ വിശാലമായ പദ്ധതികളുമായി എങ്ങനെ യോജിച്ച് പ്രവർത്തിക്കുമെന്ന ചോദ്യത്തിന്, എല്ലാ പ്രവിശ്യകൾക്കും സഹകരണം പ്രധാനമാണെന്ന് അവർ മറുപടി നൽകി.
തുടക്കത്തിൽ കാൻസർ ചികിത്സ മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നിർണ്ണായക ചികിത്സകൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഇന്നൊവേറ്റീവ് മെഡിസിൻസ് കാനഡയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ബെറ്റിന ഹാമലിൻ പറഞ്ഞു. ഈ പുതിയ സമീപനം ഒന്റാറിയോയിലെ കാൻസർ രോഗികൾക്ക് വേഗത്തിൽ ആശ്വാസം നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Save lives, fast: New cancer drugs soon available in Ontario



