മോൺട്രിയൽ: വിവിധ പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് മോൺട്രിയലിലെ കോൺകോർഡിയ സർവകലാശാലയുടെ ഡൗൺടൗൺ കാമ്പസ് ഇന്ന് (ചൊവ്വാഴ്ച) അടച്ചു. തടസ്സമുണ്ടാക്കാൻ സാധ്യതയുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് ഈ നടപടിയെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കയച്ച ഇമെയിലിൽ അറിയിച്ചു. ആവശ്യമെങ്കിൽ അദ്ധ്യാപകർക്ക് ക്ലാസ്സുകൾ ഓൺലൈനായി എടുക്കാമെന്നും സർവകലാശാലാ പ്രസിഡന്റും വൈസ് ചാൻസലറുമായ ഗ്രഹാം കാർ പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മോൺട്രിയലിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ന് (ചൊവ്വാഴ്ച) പഠിപ്പ് മുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെയും ഗാസയിലെ ഇസ്രയേലിന്റെ ഏറ്റവും പുതിയ യുദ്ധത്തിന്റെയും രണ്ടാം വാർഷമാണ് ഇന്നത്തെ ദിവസം.
ഈ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച ഗ്രഹാം കാർ മുഴുവൻ സമൂഹത്തിന്റെയും സംരക്ഷണം ഉറപ്പാക്കാനാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കാമ്പസിൽ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ പ്രതിരോധ നടപടികൾ എടുക്കേണ്ടി വരുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് കോളേജുകളിൽ നിന്നും വരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും, സർവകലാശാലയുമായി ബന്ധമില്ലാത്ത മറ്റ് ആളുകളും കാമ്പസിന് പുറത്ത് പ്രതിഷേധിക്കാൻ എത്തിയേക്കാം. ഇത് വലിയ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സർവകലാശാലയ്ക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ കഴിയില്ല.
തിങ്കളാഴ്ച കാമ്പസിൽ വെച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മോൺട്രിയൽ പോലീസ് വക്താവ് റാഫേൽ ബെർഗെറോൺ അറിയിച്ചു. എങ്കിലും, അറസ്റ്റ് ചെയ്തവർ കോൺകോർഡിയാ സമൂഹത്തിലെ അംഗങ്ങളല്ലെന്ന് സർവകലാശാലാ അധികൃതർ സ്ഥിരീകരിച്ചു. കാമ്പസിൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർവകലാശാലാ അധികൃതർ കാമ്പസ് അടയ്ക്കാൻ തീരുമാനിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Concordia University closes Montreal campus amid fears of protests



