കാറിലോ ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ നോക്കിയാൽ അനുഭവപ്പെടുന്ന തലകറക്കം അഥവാ ഓക്കാനം എന്ന പ്രശ്‌നത്തിന് പരിഹാരവുമായി ആപ്പിൾ രംഗത്ത്. ലോകമെമ്പാടുമുള്ള യാത്രക്കാരിൽ പത്തിൽ ആറു പേർക്കും ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ പൊതുവായ ആരോഗ്യപ്രശ്നം ലഘൂകരിക്കുന്നതിനായി ഐഫോണുകളിലും ഐപാഡുകളിലും ‘വെഹിക്കിൾ മോഷൻ ക്യൂ’ എന്ന ബിൽറ്റ്-ഇൻ ഫീച്ചർ ആപ്പിൾ ഐ.ഒ.എസ്. 18 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ പുതിയ സങ്കേതം യാത്രാനുഭവം കൂടുതൽ സുഖകരമാക്കുമെന്ന പ്രതീക്ഷയിലാണ് സാങ്കേതിക ലോകം.
വാഹനത്തിന്റെ പിൻസീറ്റിലിരിക്കുന്നവരിലാണ് മോഷൻ സിക്‌നസ് കൂടുതലായി കണ്ടുവരുന്നത്. ഓക്കാനം, തലവേദന, അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളായാലും മുതിർന്നവരായാലും 59 ശതമാനം പേരിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. നമ്മുടെ ശരീരചലനങ്ങളെക്കുറിച്ച് കണ്ണുകൾ, ചെവികൾ, പേശീ സെൻസറുകൾ എന്നിവ തലച്ചോറിലേക്ക് അയയ്ക്കുന്ന സിഗ്നലുകൾ തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോളാണ് മോഷൻ സിക്‌നസ് സംഭവിക്കുന്നത്. നിങ്ങൾ സഞ്ചരിക്കുകയാണോ, ഏത് ദിശയിലാണ് എന്നതിനെക്കുറിച്ച് തലച്ചോറിന് ലഭിക്കുന്ന വിവരങ്ങളിൽ ഉണ്ടാകുന്ന ഈ ആശയക്കുഴപ്പം യാത്ര ദുസ്സഹമാക്കുന്നു.
നമ്മുടെ കാഴ്ചയും ശരീരത്തിന്റെ ബാലൻസ് സംവിധാനവും തമ്മിൽ തലച്ചോറിലെത്തുന്ന സന്ദേശങ്ങൾ ഒത്തുപോകാത്തതാണ് പ്രശ്നം. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനായി ഐഫോൺ/ഐപാഡ് സ്ക്രീനിന്റെ അഗ്രഭാഗത്തായി സഞ്ചരിക്കുന്നതിന് അനുസരിച്ച് നീങ്ങുന്ന ചെറിയ ഡോട്ടുകൾ ആപ്പിൾ നൽകും. ഈ ഡോട്ടുകൾ വാഹനത്തിന്റെ ചലനത്തെ വിഷ്വലായി ചിത്രീകരിക്കുന്ന ‘ക്യൂസ്’ ആയി പ്രവർത്തിക്കും. ഇത് കാഴ്ചയുടെയും ശരീരത്തിന്റെ ബാലൻസ് സംവിധാനത്തിന്റെയും ഇൻപുട്ടുകൾ തമ്മിലുള്ള പൊരുത്തക്കേട് ലഘൂകരിക്കും.
അപ്പോൾ, ഉപയോക്താവ് ചലിക്കുകയാണെന്ന് കണ്ണിനും ശരീരത്തിനും ഒരുപോലെ മനസ്സിലാക്കാനും അതുവഴി തലച്ചോറിലെ ആശയക്കുഴപ്പം കുറയ്ക്കാനും സാധിക്കും. ഡ്രൈവർമാർക്ക് തങ്ങൾ ചലിക്കുന്നു എന്ന് അറിയാമെങ്കിലും, മറ്റ് യാത്രക്കാർക്കാണ് ഈ ഫീച്ചർ കൂടുതൽ പ്രയോജനകരമാകുക. നമ്മുടെ ശരീരത്തിന്റെ ജൈവപരമായ ഈ പിഴവിനെ സാങ്കേതികവിദ്യകൊണ്ട് തോൽപ്പിക്കാനുള്ള ആപ്പിളിന്റെ ഈ നീക്കം ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾ ഐഫോൺ/ഐപാഡ് എന്നിവയിലെ സെറ്റിങ്‌സിലേക്ക് പോവുക. അവിടെ അസസിബിലിറ്റി എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്ത് മോഷൻ തിരഞ്ഞെടുക്കുക.
അതിനുശേഷം വെഹിക്കിൾ മോഷൻ ക്യൂ എന്ന ഓപ്ഷൻ ഓൺ ചെയ്യുക. ഈ ഫീച്ചർ ഓഫ്, ഓട്ടോമാറ്റിക്ക്, ഓൺ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ ലഭ്യമാണ്. യാത്രികർക്ക് വേണ്ടിയുള്ള ഈ സൗകര്യം ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും ആപ്പിൾ പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. ഐഫോൺ ഉത്പന്നങ്ങൾ ഉപയോഗിക്കാത്തവർക്കും മോഷൻ സിക്‌നസ് അനുഭവപ്പെടുന്ന പക്ഷം ചില ലളിതമായ കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
ഫോണിൽ നോക്കാതെ, വാഹനം സഞ്ചരിക്കുന്ന പുറത്തെ ചക്രവാളത്തിലേക്ക് ദീർഘനേരം നോക്കിയിരിക്കുക അല്ലെങ്കിൽ തല അനക്കാതെ ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ മോഷൻ സിക്‌നസ് ലഘൂകരിക്കാൻ സഹായിക്കും. എങ്കിലും, സാങ്കേതികവിദ്യയിലൂടെ ഒരു പൊതു യാത്രാപ്രശ്നത്തിന് ആപ്പിൾ നൽകിയിരിക്കുന്ന ഈ പരിഹാരം, ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകാൻ പോകുന്നത്.






