കാരൂർ: തമിഴക വെട്രി കഴകം പാർട്ടി കാരൂരിൽ നടത്തിയ റാലിയിലേക്ക് നടനും രാഷ്ട്രീയ നേതാവുമായ വിജയ് എത്തിച്ചേർന്നത് ഏറെ വൈകിയാണെന്ന് റിപ്പോർട്ടുകൾ. വൻ ദുരന്തമാണ് വിജയ്‌യുടെ ഉത്തരവാദിത്തമില്ലാത്ത സമീപനങ്ങൾ മൂലമുണ്ടായതെന്ന ആരോപണം ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. വിജയ് മനപ്പൂർവ്വം തിക്കും തിരക്കും സൃഷ്ടിച്ചെന്നും അതിനു വേണ്ടിയാണ് വൈകിയെത്തിയതെന്നും ഡിഎംകെ ആരോപിക്കുന്നു. ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിക്കുന്നത് സംഘാടകർ ജനക്കൂട്ടമുണ്ടാക്കാൻ വിലകുറഞ്ഞ പരിപാടികൾ പയറ്റിയെന്നാണ്. “പരിപാടിയുടെ സംഘാടകർ മനഃപൂർവം ചെയ്ത ഒരു തന്ത്രമാണിത്.
റാലി രാവിലെ 8:45-ന് തുടങ്ങുമെന്ന് വിജയ് വളരെ വ്യക്തമായി പറഞ്ഞിരുന്നു. അവർ 8:45-ന് റാലി തുടങ്ങിയില്ല. ഏകദേശം ആറ് മണിക്കൂറോളം കാത്തിരുന്നു. വിജയ് അടക്കം എല്ലാവരും സ്ഥലത്ത് എത്തിയിരുന്നു. അവർ എന്തിനാണ് ഇത് ചെയ്തത്? ജനക്കൂട്ടം സൃഷ്ടിക്കാൻ വേണ്ടിയാണ് അവർ ഇത് ചെയ്തത്. സംഘാടകർ ആസൂത്രണം ചെയ്ത ഒരു വിലകുറഞ്ഞ തന്ത്രമാണിത്. അതുകൊണ്ടാണ് ഈ ക്രിമിനൽ അശ്രദ്ധ സംഭവിച്ചത്,” ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിജയ് കുറ്റക്കാരനാണെന്നും അദ്ദേഹത്തിന് കുറ്റത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അണ്ണാദുരൈ പറഞ്ഞു. നിയമങ്ങൾ പാലിക്കാൻ പോലും തയ്യാറല്ലാത്ത വിജയ്‌യാണ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നത്.
ബി.ജെ.പി.യും വിജയിയെയും റാലി സംഘാടകരെയും ദുരന്തത്തിന് കുറ്റപ്പെടുത്തി രംഗത്തെത്തി. സംഘാടകരും സംസ്ഥാന സർക്കാർ സംവിധാനവും ഉത്തരവാദികളാണെന്ന് ബിജെപി പ്രസ്താവിച്ചു. വിജയുടെ എല്ലാ പരിപാടികളിലും ഏറിയും കുറഞ്ഞും തിക്കും തിരക്കും ഉണ്ടാകുന്നുണ്ടെന്ന് ബിജെപി പറഞ്ഞു. അദ്ദേഹം വാരാന്ത്യങ്ങളിൽ മാത്രമേ ഇത്തരം റാലികൾ സംഘടിപ്പിക്കാറുള്ളൂ. അതിനർത്ഥം അദ്ദേഹം കൂടുതൽ ജനക്കൂട്ടം ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
അതേസമയം, കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായിരിക്കുകയാണ്. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.
അതേസമയം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് അരുണ ജഗദീശൻ്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയമിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും നിർദേശം നൽകി.
Karur tragedy; Was Vijay’s 6-hour delay a ploy to create a crowd? Campaign demanding the actor’s arrest is strong
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



