ഒട്ടാവ: കാനഡ പോസ്റ്റ് ജീവനക്കാരുടെ യൂണിയൻ (CUPW) രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. കാനഡയിലെ മിക്കവാറും എല്ലാ വീടുകളിലേക്കുമുള്ള തപാൽ വിതരണം അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ നിർത്തലാക്കാനുള്ള ഒട്ടാവയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക നടപടി. സർക്കാരിന്റെ ഈ നീക്കം തപാൽ സേവനത്തെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാരോപിച്ച് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) അംഗങ്ങളെല്ലാം ഉടൻ തന്നെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. തപാൽ വകുപ്പിന്റെ ഭാവിയും ജീവനക്കാരുടെ അവകാശങ്ങളും ഒരുമിച്ച് കൊണ്ടുപോകാനുള്ള വഴി യൂണിയനും ക്രൗൺ കോർപ്പറേഷനും ചേര്‍ന്ന് കണ്ടെത്തണമെന്ന് ജോബ്സ് മന്ത്രി പാറ്റി ഹൈഡു അഭിപ്രായപ്പെട്ടു. ചർച്ചകൾക്കായി ഫെഡറൽ മധ്യസ്ഥർ ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദേശീയ പണിമുടക്ക് കാരണം തപാൽ കൈകാര്യം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. കൂടാതെ, ചില പോസ്റ്റ് ഓഫീസുകൾ അടച്ചിടുമെന്നും പുതിയ തപാലുകളോ പാഴ്സലുകളോ സ്വീകരിക്കില്ലെന്നും കോർപ്പറേഷൻ വ്യക്തമാക്കി. തൊഴിലാളി സമരം കാനഡ പോസ്റ്റിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുമെന്നും യൂണിയന്റെ നടപടി നിരാശാജനകമാണെന്നും കോർപ്പറേഷൻ പ്രതികരിച്ചു. അതേസമയം, സർക്കാർ ക്ഷേമ ചെക്കുകൾ വിതരണം ചെയ്യുന്നതിനും നിലവിലുള്ള ജീവനുള്ള മൃഗങ്ങളുടെ കയറ്റുമതി (live-animal shipments) കൈകാര്യം ചെയ്യുന്നതിനും യൂണിയനും കോർപ്പറേഷനും ധാരണയിലെത്തിയിട്ടുണ്ട്. ഈ പണിമുടക്ക് പ്രധാനപ്പെട്ട അവധിക്കാല ഷിപ്പിംഗ് സീസണിന് തൊട്ടുമുമ്പാണെന്നത് ചെറുകിട ബിസിനസ്സുകൾക്ക് ഒരു ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസസ് മുന്നറിയിപ്പ് നൽകി.
എല്ലാ വീടുകളിലുമുള്ള ‘വാതിൽക്കൽ സേവനം’ (door-to-door delivery) നിർത്തലാക്കി പകരം കമ്മ്യൂണിറ്റി മെയിൽബോക്സുകൾ സ്ഥാപിക്കാനും, കാനഡ പോസ്റ്റിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി, തപാൽ വിതരണം ചെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറക്കാനും, ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാനുമുള്ള നിർദ്ദേശങ്ങൾ പ്രൊക്യുർമെൻ്റ് മന്ത്രി ജോയൽ ലൈറ്റ്ബൗണ്ട് പ്രഖ്യാപിച്ചു. നിലവിൽ കാനഡ പോസ്റ്റിന് പ്രതിദിനം 10 മില്യൺ ഡോളർ നഷ്ടമുണ്ടെന്നും, സാമ്പത്തികപരമായ നിലനിൽപ്പിനായി ചെലവ് ചുരുക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങൾ വഴി പ്രതിവർഷം 400 മില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഈ നടപടികൾ തപാൽ സേവനങ്ങളുടെ ആവശ്യകത കുറയ്ക്കാൻ സർക്കാരും കോർപ്പറേഷനും മനഃപൂർവം സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണെന്ന് യൂണിയൻ വിമർശിച്ചു.
പുതിയ കരാറിനായി ഏകദേശം രണ്ട് വർഷമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും യൂണിയനും കാനഡ പോസ്റ്റും ശമ്പളം, കരാർ പുനഃസംഘടന എന്നിവയിൽ വലിയ അഭിപ്രായവ്യത്യാസത്തിലാണ്. കാനഡ പോസ്റ്റ് ആവശ്യപ്പെടുന്നത് ഭാഗികമായി ജോലി ചെയ്യുന്ന (part-time) ജീവനക്കാരെ വാരാന്ത്യങ്ങളിൽ നിയമിക്കാൻ അനുവദിക്കുന്ന രീതിയിൽ കരാർ പരിഷ്കരിക്കാനാണ്. കോർപ്പറേഷന്റെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും, തങ്ങളുടെ കരാറുകൾ ഇല്ലാതാക്കാനുള്ള ആവശ്യങ്ങൾ അവർ ഉപേക്ഷിക്കുകയാണെങ്കിൽ പെട്ടെന്ന് ഒരു ഒത്തുതീർപ്പിൽ എത്താമെന്നും യൂണിയൻ ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്സൺ അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധി ഉടൻ പരിഹരിച്ച് ചർച്ചാമേശയിൽ തിരിച്ചെത്തണമെന്ന് ബിസിനസ്സ് സമൂഹവും ആവശ്യപ്പെടുന്നു.






