PEI : കാനഡയിലെ ചോക്ലേറ്റ്, ബേക്കറി മേഖലകളിൽ ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കൊക്കോയ്ക്കും ചോക്ലേറ്റിനും ഉണ്ടായ വിലവർധനവാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊക്കോയുടെ വില പല മടങ്ങ് വർധിച്ചു. ഷാർലറ്റ്‌ടൗണിലുള്ള ഒരു ബേക്കറി ഉടമയായ അമർദീപ് സിങ് പറയുന്നത്, മൂന്നു കിലോഗ്രാം ചോക്ലേറ്റിന് 90 ഡോളർ ഉണ്ടായിരുന്നത് ഇപ്പോൾ 190 ഡോളറായി ഉയർന്നു എന്നാണ്. ഈ വിലവർധനവ് കാരണം തങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ചീസ്കേക്കിന്റെ വില 20 സെൻറ് കൂട്ടേണ്ടിവന്നുവെന്നും, എന്നിട്ടും ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. വില കൂടുതൽ വർധിപ്പിച്ചാൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ വരാത്ത ഒരു അവസ്ഥ വരുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.
ബിസിനസ് ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി വില കുറഞ്ഞ ചോക്ലേറ്റ് ഉപയോഗിക്കാൻ തങ്ങൾ ശ്രമിച്ചെങ്കിലും, നിലവിൽ ഉപയോഗിക്കുന്ന ഡേവിഡ് റോബർട്ട്സ് ചോക്ലേറ്റിന്റെ അതേ ഗുണമേന്മ ലഭിക്കാത്തതിനാൽ അതിൽ നിന്ന് പിന്തിരിഞ്ഞുവെന്ന് അമർദീപ് സിങ് വ്യക്തമാക്കി. ചോക്ലേറ്റ് കേക്കും ചീസ്കേക്കും തങ്ങളുടെ ബേക്കറിയിലെ പ്രധാന വിഭവങ്ങളാണ്. ഓരോ ദിവസവും ഉണ്ടാക്കുന്ന 20 കഷ്ണങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിയാറുണ്ട്. നിലവിൽ ഈ മേഖലയിലെ മറ്റു പ്രശ്നങ്ങളാണ് പാക്കേജിങ് വസ്തുക്കളുടെ വില, തൊഴിലാളികളുടെ കുറവ് എന്നിവ. ഇന്ത്യൻ ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതും തങ്ങളെ സാരമായി ബാധിച്ചുവെന്ന് അമർദീപ് സിങ് പറയുന്നു.
വെസ്റ്റ് ആഫ്രിക്കയിലെ കൊക്കോ ഉത്പാദന രാജ്യങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും വരൾച്ചയും ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളാണ് കൊക്കോ വില ഉയരാൻ പ്രധാന കാരണം. ഫ്രിറ്റ്സ് ചോക്ലേറ്റ്സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമയായ ജെസീക്ക ഫ്രിറ്റ്സ് പറയുന്നത്, തങ്ങൾ ഇറക്കുമതി ചെയ്യുന്ന ബെൽജിയൻ ചോക്ലേറ്റിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനവും 2023 മുതൽ ഇരട്ടിയുമായി വില വർധിച്ചു എന്നാണ്. ഈ വിലവർധനവ് ചെറു ബിസിനസുകളെ വളരെയധികം ബാധിച്ചു. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില 10 ശതമാനം വർധിപ്പിച്ചെങ്കിലും, വർധിച്ച ചെലവിന് അനുസരിച്ചുള്ള ലാഭം ലഭിക്കുന്നില്ലെന്ന് അവർ പറയുന്നു. എങ്കിലും തങ്ങളുടെ പ്രധാന ഉൽപ്പന്നമായ മെർമെയ്ഡ്സ് കിസ് ഉൾപ്പെടെയുള്ള വിഭവങ്ങളുടെ ഗുണമേന്മ കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കൂടുതൽ നട്സും പഴങ്ങളും ചേർത്ത് ചോക്ലേറ്റിന്റെ ഉപയോഗം കുറയ്ക്കാൻ പുതിയ വഴികൾ ആലോചിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Cocoa prices soar: It's a bittersweet time for chocolate lovers!



