ആൽബർട്ട: തൊഴിൽമേഖലയെ പരിപോഷിപ്പിക്കുന്നതിനായി ‘വർക്‌ഫസ്റ്റ് ആൽബർട്ട’ എന്ന പേരിൽ പുതിയൊരു തൊഴിൽ സേവന പ്ലാറ്റ്‌ഫോം ആരംഭിച്ച് ആൽബർട്ട. തൊഴിലന്വേഷകരെയും തൊഴിലുടമകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ഈ സംരംഭത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്‌ഫോം വഴി 2026 മുതൽ തൊഴിലന്വേഷകർക്ക് തൊഴിലുടമകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും നിയമനങ്ങളിൽ കമ്പനികൾക്ക് ആവശ്യമായ സഹായങ്ങൾ നേടാനും കഴിയും.
ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ 185 മില്യൺ ഡോളർ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കരിയർ പ്ലാനിങ്, ഭിന്നശേഷിക്കാർക്കും മറ്റ് വെല്ലുവിളികൾ നേരിടുന്നവർക്കുമുള്ള പ്രത്യേക തൊഴിൽസഹായങ്ങൾ എന്നിവയും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. കഴിഞ്ഞ വർഷം മാത്രം, ഈ പദ്ധതിയിലൂടെ 38,000-ത്തിലധികം ആളുകൾക്ക് തൊഴിൽ കണ്ടെത്താൻ കഴിഞ്ഞു. കൂടാതെ, 8,000-ത്തോളം തൊഴിലുടമകൾക്കും ഇതിൻ്റെ പ്രയോജനം ലഭിച്ചു. സഹായം തേടിയ 9,000 യുവാക്കളിൽ 75 ശതമാനവും ജോലിയിൽ പ്രവേശിക്കുകയോ അല്ലെങ്കിൽ പഠനം തുടരുകയോ ചെയ്തിട്ടുണ്ട്.
ലോകത്തിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആൽബർട്ട എന്ന് പ്രവിശ്യാ മന്ത്രി ജേസൻ നിക്സൺ വ്യക്തമാക്കി. നിക്ഷേപം വർധിപ്പിക്കുന്നതിനായി ഈ മേഖലയിലെ വാർഷിക നിക്ഷേപം ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന വർക് ഫസ്റ്റ് ആൽബർട്ട ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New path to employment opportunities; ‘WorkFirst Alberta’ platform to begin operations in 2026



