പ്രഭാസ് നായകനായ വൻ വിജയ ചിത്രമായ ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിൽ നായിക ദീപിക പദുക്കോൺ ഉണ്ടാവില്ലെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചതോടെ സിനിമാ ലോകത്ത് ചർച്ചകൾ സജീവമായി. ദീപികയുടെ ഉയർന്ന പ്രതിഫലവും മറ്റ് ആവശ്യങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെ, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു. ഷൂട്ടിംഗ് സമയം, ലാഭവിഹിതം, പ്രതിഫലം എന്നിവയുമായി ബന്ധപ്പെട്ട് ദീപിക മുന്നോട്ട് വെച്ച ഡിമാൻഡുകളാണ് ഈ തീരുമാനങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ദിവസവും 6 മണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം എന്നിവയായിരുന്നു ദീപികയുടെ പ്രധാന ആവശ്യങ്ങൾ.
‘കൽക്കി’യുടെ ആദ്യ ഭാഗത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ, രണ്ടാം ഭാഗത്തിൽ ദീപിക ഇല്ലാതെ കഥ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് ആരാധകർ. 2024 ജൂൺ 27-ന് റിലീസ് ചെയ്ത ‘കൽക്കി 2898 എഡി’ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 739 കോടി രൂപ നേടിയിരുന്നു. ദീപികയുടെ ഈ നിലപാടുകൾ സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്ന നടിമാർക്ക് അവസരം കുറയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
“കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന തുടർഭാഗത്തിന്റെ ഭാഗമാകാൻ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ശ്രദ്ധാപൂർവമുള്ള ആലോചനകൾക്ക് ശേഷം ഞങ്ങൾ രണ്ട് വഴിക്ക് നീങ്ങാൻ തീരുമാനിച്ചു. ദീർഘകാല പങ്കാളിത്തത്തിലൂടെ ആദ്യ ചിത്രം ഉണ്ടാക്കിയെങ്കിലും ഇപ്പോൾ ഞങ്ങൾക്ക് ഒരു പാർടണർഷിപ്പ് കണ്ടെത്താൻ പറ്റുന്നില്ല. കൽക്കി 2898 പോലൊരു സിനിമ പ്രതിബന്ധതയും അതിലേറെയും അർഹിക്കുന്നു. ഭാവിയിലെ വർക്കുകൾക്ക് അവർക്ക് ആശംസകൾ അറിയിക്കുന്നു” ഇങ്ങനെയായിരുന്നു ദീപികയെ ഒഴിവാക്കിക്കൊണ്ട് നിർമാതാക്കളായ വെെജയന്തി മൂവീസ് പ്രസ്താവനയിറക്കിയത്.
അതേസമയം ദീപികയല്ലെങ്കിൽ കൽക്കിയുടെ രണ്ടാം ഭാഗത്തിൽ ആര് നായികയാകണമെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. നിലവിൽ ലോകയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി നേടിയിരിക്കുന്ന കല്യാണി പ്രിയദർശനെ നായികയാക്കണമെന്ന് ആരാധകർ പറയുന്നു. അതേസമയം ദീപികയ്ക്ക് പകരക്കാരിയായി വരാൻ അത്രത്തോളം താരമൂല്യമുള്ള മറ്റാെരാൾ വരേണ്ടതുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. നയൻതാര, പ്രിയങ്ക ചോപ്ര തുടങ്ങി മേക്കേർസിന് മുന്നിൽ നിരവധി ഓപ്ഷനുകൾ ഇക്കാര്യത്തിലുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Deepika Padukone Out Of Kalki 2898 AD Sequel



