ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെയും നടി തൃഷയെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും, രാത്രി 12 മണിക്ക് മുഖ്യമന്ത്രിക്കൊപ്പം കേക്ക് മുറിക്കാൻ വേറെ ആർക്കാണ് കഴിയുന്നതെന്നും അധിക്ഷേപകരമായ രീതിയിൽ ഉദയകുമാർ ചോദിച്ചു. സാധാരണക്കാർക്ക് അപ്രാപ്യനായ മുഖ്യമന്ത്രിയെ കാണാൻ തൃഷയ്ക്ക് മാത്രമാണ് പ്രത്യേക അവസരം ലഭിക്കുന്നതെന്നും ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
വിജയിയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ‘ജനനായകൻ’ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്ന ഗുരുതര ആരോപണവും എഐഎഡിഎംകെ ഉന്നയിച്ചു. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണകാര്യങ്ങൾ പൂർണ്ണമായി അവഗണിച്ച് സിനിമ കാണുന്നതിനായി സമയം ചെലവഴിച്ചു. റിലീസ് ദിനത്തിൽ മന്ത്രിമാരും എംഎൽഎമാരും തിയറ്ററുകളിലെത്തി സിനിമ കാണുകയും വിജയിക്കൊപ്പമുള്ള സെൽഫികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത് ഭരണനിർവഹണത്തെ ബാധിച്ചുവെന്ന് ഉദയകുമാർ വിമർശിച്ചു.
ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ഔദ്യോഗിക ചുമതലകൾ പോലും മാറ്റിവെച്ചാണ് മുഖ്യമന്ത്രിയും സംഘവും സിനിമ ആഘോഷിച്ചതെന്ന് ഉദയകുമാർ പറഞ്ഞു. സിനിമ റിലീസിനോടനുബന്ധിച്ച് ആരാധകർ നടത്തിയ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഭരണം നടത്തുന്നതിന് പകരം സിനിമയെ ഉത്സവമായി ആഘോഷിക്കാനാണ് മന്ത്രിമാർ ആഹ്വാനം ചെയ്തതെന്നും ഇത് തമിഴ്‌നാടിലെ ജനങ്ങളോടുള്ള അനാദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാവേരി ഡെൽറ്റയിലെ ജലസേചന പ്രശ്നം, കർണാടകയുമായുള്ള ജലവിതരണ തർക്കം, മേക്കേദാട്ടു അണക്കെട്ട് വിഷയം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ഇടപെടാൻ സർക്കാരിന് സമയമില്ലെന്ന് എഐഎഡിഎംകെ നേതാവ് പരിഹസിച്ചു. “തിയറ്ററിനുള്ളിൽ ഇരുന്ന് വികാരാധീനരായ മന്ത്രിമാർ കാവേരി ഡെൽറ്റയിലെ കർഷകരുടെ പ്രശ്നങ്ങൾക്കാണോ അതോ മേക്കേദാട്ടു തർക്കത്തിനാണോ കണ്ണീർ പൊഴിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. സിനിമകളിലെ പഞ്ച് ഡയലോഗുകളും സാങ്കൽപ്പിക പ്രതിച്ഛായകളും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യാഥാർഥ്യം പുറത്തുവരുമ്പോൾ വിജയിയുടെ സിനിമാറ്റിക് ഇമേജ് തകരുമെന്നും ഉദയകുമാർ മുന്നറിയിപ്പ് നൽകി.
New controversy in Tamil Nadu! AIADMK makes serious allegations about Vijay – Trisha chemistry!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





