എഡ്മണ്ടൺ: കേരള സർക്കാരിന്റെ മലയാളം മിഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എഡ്മണ്ടൺ മഞ്ചാടി മലയാളം സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മലയാളം പഠനത്തിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. കുട്ടികൾക്ക് മലയാളഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കൂൾ, മലയാളം മിഷന്റെ കീഴിൽ ഹൈബ്രിഡ് രീതിയിലാണ് ക്ലാസ്സുകൾ നടത്തുന്നത്.
ഈ അധ്യയനവർഷത്തെ പഠ്യപദ്ധതിയെക്കുറിച്ച് സ്കൂൾ കോ-ഓർഡിനേറ്റർ അമ്പിളി സാജു വിശദീകരിച്ചു. ഓൺലൈനായും നേരിട്ടും നടക്കുന്ന ക്ലാസ്സുകൾ എങ്ങനെയാണ് വിദ്യാർത്ഥികൾക്ക് ഗുണകരമാവുകയെന്ന് അവർ വിശദമാക്കി. മലയാള ഭാഷയുടെ അടിസ്ഥാന തത്വങ്ങൾ മുതൽ സാഹിത്യവും സംസ്കാരവും വരെ ലളിതമായ രീതിയിൽ പഠിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് സ്കൂൾ തയ്യാറാക്കിയിരിക്കുന്നത്.
മലയാളം മിഷൻ കാനഡ കോ ഓർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി വർത്തമാനകാലത്തിൽ മലയാള പഠനത്തിന്റെ അനിവാര്യതയെക്കുറിച്ച് വിശദികരിച്ചു. പുതിയ തലമുറയ്ക്ക് മാതൃഭാഷയോടുള്ള ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മലയാളം ഒരു ഭാഷ മാത്രമല്ല, അതൊരു സംസ്കാരം കൂടിയാണെന്നും വരും തലമുറകളിലേക്ക് അത് കൈമാറേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Entrance ceremony at Edmonton Manchadi Malayalam School; Malayalam Mission welcomes new students



