ഇസ്രയേലുമായുള്ള ബന്ധത്തിൽ കാനഡ പുനരാലോചന നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ്. ദോഹയിലെ ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം. മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഖത്തർ ശ്രമിക്കുന്ന സാഹചര്യത്തിൽ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇസ്രയേലിനുള്ള പിന്തുണ വെട്ടിക്കുറക്കുമെന്നും ഉപരോധം ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ ഈ നീക്കം. കാനഡ ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന്, “ഞങ്ങൾ ഞങ്ങളുടെ അടുത്ത നടപടികൾ വിലയിരുത്തിക്കൊണ്ടിരിക്കും” എന്നായിരുന്നു അനിത ആനന്ദിന്റെ മറുപടി.
ജനുവരിയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റ സമയത്ത് കാനഡ ഇസ്രയേലിനോടുള്ള നിലപാട് കടുപ്പിച്ചിരുന്നു. ജൂലൈയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാർണി പ്രഖ്യാപിച്ചത് ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു.
ഹമാസിനെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെ ജസ്റ്റിൻ ട്രൂഡോ പിന്തുണച്ചിരുന്നുവെങ്കിലും, സൈന്യത്തിന്റെ ചില നടപടികളെ വിമർശിക്കുകയും ചെയ്തിരുന്നു. അതേസമയം, മാർക്ക് കാർണി ഇസ്രയേലിന്റെ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം “തെറ്റാണ്” എന്ന് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തെ കാർണി അപലപിക്കുകയും, ഇത്തരം പ്രവൃത്തികൾ മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada is evaluating ties with Israel after Qatar attack: Foreign minister



