മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മോഹിനി. ഏറെക്കാലമായി അഭിനയ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നടിയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ. തനിക്ക് സിനിമയിൽ നിന്ന് നേരിട്ട മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 1994-ൽ പുറത്തിറങ്ങിയ ‘കൺമണി’ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകൻ ആർ.കെ. സെൽവമണി മോശമായി പെരുമാറിയെന്നാണ് മോഹിനി ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. നീന്തൽ വസ്ത്രം ധരിച്ച് അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചതായും, ഇതിനോട് തനിക്ക് താൽപര്യമില്ലെന്ന് അറിയിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ലെന്നും മോഹിനി പറഞ്ഞു.
“നീന്തൽ വസ്ത്രം ധരിച്ചുള്ള രംഗം സംവിധായകൻ ആസൂത്രണം ചെയ്തപ്പോൾ എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. അന്ന് പകുതി ദിവസത്തേക്ക് ഷൂട്ടിങ് നിർത്തിവെച്ചു. എനിക്ക് നീന്താൻ പോലും അറിയില്ലെന്ന് ഞാൻ അവരെ അറിയിച്ചു. അക്കാലത്ത് പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാൻ എങ്ങനെ നീന്തൽ പഠിക്കും? സ്ത്രീ പരിശീലകരുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കത് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. ‘ഉടൽ തഴുവ’ എന്ന ഗാനത്തിന് വേണ്ടിയായിരുന്നു ആ രംഗം. നിർബന്ധിതയായി ആ രംഗം ചെയ്യേണ്ടി വന്നു,” മോഹിനി പറഞ്ഞു.
ഒരു ദിവസത്തിന്റെ പകുതി ഭാഗം ഞാൻ അവരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ജോലി ചെയ്തു. പിന്നീട് ഇതേ രംഗം ഊട്ടിയിൽ ചിത്രീകരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ അത് നിരസിച്ചു. ആ രംഗമില്ലാതെ ഷൂട്ടിങ് തുടരില്ലെന്ന് അവർ പറഞ്ഞപ്പോൾ ‘അത് നിങ്ങളുടെ പ്രശ്നമാണ്’ എന്ന് ഞാൻ മറുപടി നൽകി. മുൻപ് എന്നെ നിർബന്ധിച്ച അതേ രീതിയിൽ തന്നെയായിരുന്നു അവർ വീണ്ടും സമീപിച്ചത്. തന്റെ സമ്മതമില്ലാതെ ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ ‘കൺമണി’ ആയിരുന്നുവെന്ന് മോഹിനി വ്യക്തമാക്കി. ആ സിനിമയിലെ വേഷം മനോഹരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നിട്ടും അതിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും മോഹിനി കൂട്ടിച്ചേർത്തു.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്ന താരമാണ് മോഹിനി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ചിരഞ്ജീവി, വിക്രം തുടങ്ങിയ മുൻനിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘സൈന്യം’, ‘ഒരു മറവത്തൂർ കനവ്’, ‘ഇന്നത്തെ ചിന്താവിഷയം’, ‘വേഷം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ്. 2011-ൽ പുറത്തിറങ്ങിയ ‘കളക്ടർ’ എന്ന ചിത്രത്തിലാണ് മോഹിനി അവസാനമായി അഭിനയിച്ചത്.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
'I was forced to act in a swimsuit, the director didn't back down even after crying': Actress Mohini opens up about her ordeal



