രജനികാന്തും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രം ‘കൂലി’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ 500 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ ചിത്രം, തിയേറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈം വീഡിയോയിലൂടെ സെപ്റ്റംബർ 11-ന് പ്രേക്ഷകരിലേക്ക് എത്തും. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാവുമോ എന്ന ആരാധകരുടെ ആകാംഷയ്ക്കും ഈ ചിത്രം ഉത്തരം നൽകിയിരുന്നു.
ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 235 കോടി രൂപയും ആദ്യ ദിവസം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടി രൂപയും നേടിയിരുന്നു. ഒരു തമിഴ് സിനിമ ആഗോളതലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണ് കൂലിയുടേത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തത്. അതേസമയം, ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഫിലോമിൻ രാജ് ആണ്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചെങ്കിലും പലയിടത്തും ചിത്രത്തിന് ശരാശരി പ്രതികരണം മാത്രമാണ് ലഭിച്ചത്.
സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ഒരു തർക്കവും നിലനിന്നിരുന്നു. ‘കൂലി’ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് സൺ പിക്ചേഴ്സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും അക്രമാസക്തമായ രംഗങ്ങൾ ചൂണ്ടിക്കാട്ടി സിനിമയ്ക്ക് മുതിർന്നവർക്ക് മാത്രം കാണാൻ കഴിയുന്ന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
കൂലിയിലെ ക്രമാതീതമായ അക്രമം മുതിർന്നവർക്ക് മാത്രം കാണാൻ കഴിയുന്ന ഒന്നാണ് എന്ന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിന് മുൻപാകെ അറിയിക്കുകയുണ്ടായി. ഇതോടെ, വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒരുപോലെ കൂലി പാത്രമായിരുന്നു.



