മണിക്കൂറുകളോളം തുടർച്ചയായി ടിവി കാണുന്നത് ജീവിതത്തിന്റെ പിൽക്കാല ഘട്ടങ്ങളിൽ മസ്തിഷ്ക ഘടനയിൽ മാറ്റങ്ങൾ വരുത്താനും ചിന്താശേഷിയെ ബാധിക്കാനും ഇടയാക്കുമെന്ന് പഠന റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ‘ആതെറോസ്ക്ലെറോസിസ് റിസ്ക് ഇൻ കമ്മ്യൂണിറ്റീസ്’ (ARIC) പഠനത്തിന്റെ ഭാഗമായി 1,700-ലധികം മുതിർന്ന വ്യക്തികളിൽ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. അമിതമായി ടിവി കാണുന്നവരിൽ മസ്തിഷ്ക തകരാറുകൾ, ഓർമ്മക്കുറവ്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ‘അൽഷിമേഴ്‌സ് & ഡിമെൻഷ്യ’ മാസികയിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.
എല്ലാത്തരം ഇരിപ്പുകളും മസ്തിഷ്കാരോഗ്യത്തെ ഒരേരീതിയിലല്ല ബാധിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ പോസ്റ്റ്ഡോക്ടറൽ സ്കോളറായ നാതൻ ഫെറ്റർ വ്യക്തമാക്കി. ജോലിസ്ഥലത്ത് ദീർഘനേരം ഇരിക്കുന്നത് ടിവി കാണുന്നതുപോലെയുള്ള നിഷ്ക്രിയമായ ഇരിപ്പിനേക്കാൾ മസ്തിഷ്കാരോഗ്യത്തിന് താരതമ്യേന ദോഷകരമല്ലെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ശാരീരിക വ്യായാമങ്ങൾ കണക്കിലെടുത്ത ശേഷവും ടിവി കാണുന്നതും മസ്തിഷ്ക മാറ്റങ്ങളും തമ്മിലുള്ള ബന്ധം പ്രകടമായി തുടരുന്നതായി ഗവേഷകർ വിലയിരുത്തി.
ടിവി കാണുന്ന സമയത്ത് പുരുഷന്മാരിലാണ് മസ്തിഷ്ക ഘടനയിലെ മാറ്റങ്ങൾ കൂടുതൽ ശക്തമായി കണ്ടത്. സ്ത്രീകൾ ടിവി കാണുന്നതിനിടയിൽ വീട്ടുജോലികൾക്കായി എഴുന്നേൽക്കാറുള്ളതും, പുരുഷന്മാർ തുടർച്ചയായി ഒരേയിരിപ്പ് തുടരുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, നിലവിലെ കാലഘട്ടത്തിൽ മൊബൈൽ സ്ക്രീനുകളിലും ടിവിയിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശീലം മസ്തിഷ്കാരോഗ്യത്തിന് കൂടുതൽ അപകടകരമാണെന്നും നാതൻ ഫെറ്റർ അറിയിച്ചു.
അതേസമയം, ഇത് ഒരു നിരീക്ഷണ പഠനം മാത്രമാണെന്നും ടിവി കാണുന്നത് തന്നെയാണ് മസ്തിഷ്ക മാറ്റങ്ങൾക്ക് നേരിട്ട് കാരണമാകുന്നതെന്ന് പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഗവേഷകർ വ്യക്തമാക്കി. പഠനത്തിൽ പങ്കെടുത്തവർ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഡാറ്റ തയാറാക്കിയത് എന്ന പരിമിതിയും ഇതിനുണ്ടെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.
Do you have the habit of watching TV for hours? Report says it can cause memory loss and brain damage
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





