അറ്റ്ലാന്റ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായ അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനലിന് സാക്ഷിയായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും. ജോർജിയയിലെ അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന തീപ്പൊരി പോരാട്ടത്തിൽ, തോൽവിയുടെ വക്കിൽ നിന്ന് അത്ഭുതകരമായി തിരിച്ചെത്തി ഇംഗ്ലണ്ടിനെ കീഴടക്കിയാണ് മെസ്സിയും സംഘവും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ഈ അവിസ്മരണീയമായ മത്സരത്തിന് സാക്ഷിയാകാൻ ഗാലറിയിൽ മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നത് മലയാളികൾക്ക് ഇരട്ടി ആവേശമായി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, താൻ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരുന്നു ഇതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
“അർജന്റീനയുടെ ആവേശകരമായ വിജയം കണ്ടുതീർത്തതേയുള്ളൂ. എന്തൊരു കളിയായിരുന്നു അത്! കഴിവ്, ആവേശം, അതിജീവിക്കാനുള്ള കരുത്ത്, ധൈര്യം എന്നിങ്ങനെ എല്ലാം അതിലുണ്ടായിരുന്നു. ഇരു ടീമുകളുടെയും പോരാട്ടവീര്യം ഈ മത്സരത്തെ അവിസ്മരണീയമാക്കി. ഫൈനലിലെത്തിയ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ,” മോഹൻലാൽ വ്യക്തമാക്കി.
ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത സ്നേഹമാണ് ഈ ലോകകപ്പ് സാന്നിധ്യത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടതെന്ന് ആരാധകർ പറയുന്നു. അർജന്റീനയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം ഫുട്ബോൾ ലോകത്ത് തന്നെ ഏറെ ചർച്ചാവിഷയമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമല്ലാത്ത താരം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഏക കായികതാരം ലയണൽ മെസ്സിയാണ് എന്നതും ഈ ആരാധനയുടെ ആഴം വ്യക്തമാക്കുന്നു.
ഇന്നലെ നടന്ന ഫ്രാൻസ്–സ്പെയിൻ സെമി ഫൈനൽ കാണാനും മോഹൻലാൽ എത്തിയിരുന്നു. ഭാര്യ സുചിത്രയും സുഹൃത്തും സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരും അദേഹത്തിന്റെ ഭാര്യ ശാന്തി ആന്റണിയും സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയും മോഹൻലാലിനൊപ്പമുണ്ടായിരുന്നു.
Mohanlal witnessed the historic Argentina vs England semi-final in Atlanta
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






