നോവ സ്കോഷ്യ: ഡാൽഹൗസി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അനിശ്ചിതത്വം നിറഞ്ഞ ഒരു അധ്യയന വർഷമാണ് മുന്നിലുള്ളത്. സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കേണ്ടിയിരുന്നെങ്കിലും, ഭൂരിഭാഗം ക്ലാസുകളും അധ്യാപകരുടെ പണിമുടക്ക് കാരണം റദ്ദാക്കിയിരിക്കുകയാണ്. പുതിയ കരാറിനെച്ചൊല്ലി സർവകലാശാലയും ഡാൽഹൗസി ഫാക്കൽറ്റി അസോസിയേഷനും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. ഏകദേശം 1,000 പ്രൊഫസർമാർ, ഇൻസ്ട്രക്ടർമാർ, ലൈബ്രേറിയൻമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന യൂണിയൻ പണിമുടക്ക് ആരംഭിച്ചത് ഓഗസ്റ്റ് 22-നാണ്.
പഠിപ്പ് മുടക്ക് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിയ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായത്. ക്ലാസുകൾ മുടങ്ങിയതിനാൽ പല വിദ്യാർഥികളും നിരാശരാണ്. തങ്ങളുടെ ഭാവി എന്താകുമെന്നറിയാതെ ആശങ്കയിലാണെന്ന് വിദ്യാർഥികൾ പറയുന്നു. ആദ്യവർഷ വിദ്യാർഥിയായ യൂസഫ് അൽ-കരൈൻ താൻ വീട്ടിലേക്ക് മടങ്ങാൻ പോലും ആലോചിക്കുന്നതായി പറയുന്നു. ഇതേസമയം, സർവകലാശാലയിലെ അധ്യാപകരുടെ ആവശ്യങ്ങളോട് താൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും വിദ്യാർഥിയായ ആൻഡ്രൂ കോളിൻ പറയുന്നു.
അധ്യാപകർക്ക് നിലവിലെ സാമ്പത്തിക സാഹചര്യം അനുസരിച്ച് ശമ്പളം വർദ്ധിപ്പിക്കുക, രക്ഷാകർതൃ അവധി നീട്ടുക, ക്ലാസുകളുടെ സമയം കൂടുതൽ സൗകര്യപ്രദമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ മുന്നോട്ട് വെക്കുന്നത്. മൂന്ന് വർഷത്തേക്ക് രണ്ട് ശതമാനം ശമ്പള വർധനയാണ് സർവകലാശാല മുന്നോട്ട് വെച്ച നിർദേശം. എന്നാൽ, യൂണിയന്റെ ആവശ്യം ആദ്യ വർഷം 3.75 ശതമാനം, രണ്ടാം വർഷം 4.75 ശതമാനം, മൂന്നാം വർഷം 5.75 ശതമാനം എന്നിങ്ങനെ വർദ്ധിപ്പിക്കണമെന്നാണ്. യൂണിവേഴ്സിറ്റിയുമായി ഒക്ടോബർ 2-ന് ചർച്ച നടത്താനിരിക്കുകയാണ് യൂണിയൻ.
Strike at Dalhousie University: Students in crisis as classes are canceled



