തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ആരോപണം ഉന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതിയും മറ്റ് മൂന്ന് യുവതികളുമടക്കം നാല് പേരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. നിലവിൽ അന്വേഷണ സംഘത്തിന് യുവതികളുടെ പരാതികൾ നേരിട്ട് ലഭിച്ചിട്ടില്ല. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം യുവതികളെ നേരിട്ട് കണ്ടാണ് മൊഴിയെടുക്കുക.
ഒരു യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിൻ്റെ ശബ്ദരേഖ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. ഈ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
അതേസമയം, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാത്ത രാഹുൽ മാങ്കൂട്ടത്തിലിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായുള്ള അറിയിപ്പും സ്പീക്കറുടെ ഓഫീസിൽ ലഭിച്ചിട്ടില്ല. കേസിൻ്റെ വിശദാംശങ്ങൾ അറിയില്ലെന്നും, കേസ് സ്പീക്കറുടെ പരിഗണനയിൽ വരുമ്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



