തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ കൊടുങ്കാറ്റായി മാറിയതോടെ, രാജി ആവശ്യപ്പെട്ട് കോൺഗ്രസിൽ സമ്മർദം ശക്തമാകുന്നു. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാട് വ്യക്തമാക്കി വി.എം. സുധീരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കൾ രംഗത്തെത്തി. പാർട്ടിക്ക് ഈ ‘വിഴുപ്പ്’ ചുമക്കേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച് ജോസഫ് വാഴക്കൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ രാഹുൽ പൂർണമായും ഒറ്റപ്പെട്ടു.
രാജി ആവശ്യത്തിൽ കടുത്ത നിലപാടുമായി വനിതാ നേതാക്കളും രംഗത്തുണ്ട്. രാഹുൽ രാജിവെച്ചില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ പ്രധാന ആശങ്ക. രാഹുലിന്റെ കാര്യത്തിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ എത്രയും വേഗം രാജിവെക്കുന്നതാണ് നല്ലതെന്ന നിലപാടാണ് വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ദീപാ ദാസ് മുൻഷി എന്നിവരെ അറിയിച്ചത്.
രാജി ആവശ്യത്തിൽ രാഹുൽ വ്യക്തമായ നിലപാട് എടുക്കാത്തതിനെ രൂക്ഷമായി വിമർശിച്ച ജോസഫ് വാഴക്കൻ, രാജിവെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ മാറി നിൽക്കണമെന്ന് ഉമാ തോമസ് എം.എൽ.എ, ഷാനിമോൾ ഉസ്മാൻ എന്നിവരും ആവശ്യപ്പെട്ടു. ജനങ്ങൾ തിരഞ്ഞെടുത്ത ഒരു വ്യക്തിയാണ് രാഹുൽ എന്നും, ഇത്രയധികം ആരോപണങ്ങൾ വന്നിട്ടും മാനനഷ്ടക്കേസ് നൽകാത്തത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും ഉമാ തോമസ് പറഞ്ഞു.
അതേസമയം, രാജി ആവശ്യത്തിൽ നിയമോപദേശം തേടാൻ ഒരുങ്ങുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. രാഹുൽ രാജിവെച്ചാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടുന്നത്. രാജി വെച്ചില്ലെങ്കിൽ ‘പ്ലാൻ ബി’ ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ട്. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഔദ്യോഗികമായി ഒരു പരാതി പോലും ലഭിക്കും മുൻപാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി. ചൂണ്ടിക്കാട്ടി.
യുവനേതാവിനെതിരെ മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിനു പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരനും രംഗത്തെത്തി. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതുൾപ്പെടെയുള്ള ശബ്ദരേഖകൾ പുറത്തുവന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ വലിയ പ്രതിരോധത്തിലായി. പി.വി. അൻവർ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ക്യാൻസറാണെന്ന് വരെ ആരോപിച്ചിരുന്നു.



