ന്യൂ ബ്രൺസ്വിക്കിലെ ‘ഹൗസ് ഓഫ് പ്രെയർ’ സംഘടിപ്പിച്ച വേക്കേഷൻ ബൈബിൾ സ്കൂൾ (VBS) ‘ട്രഷർ ഹണ്ട്’ 2025 വിജയകരമായി സമാപിച്ചു. ഓഗസ്റ്റ് 23-ന് മിറാമിച്ചിയിലെ ചരിത്രപ്രസിദ്ധമായ സീമൻസ് ഹോസ്പിറ്റൽ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു പരിപാടി.

മനോഹരമായ സ്വാഗത നൃത്തത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. യേശു നമ്മുടെ ഏറ്റവും വലിയ നിധിയാണെന്നും നിത്യജീവനാണെന്നും ഓർമ്മിപ്പിച്ച സ്കിറ്റുകൾ ശ്രദ്ധേയമായി. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശഭരിതരാക്കിയ ഗെയിമുകളും നടന്നു. 45 വർഷമായി മിഷനറി രംഗത്ത് പ്രവർത്തിച്ച് വരുന്ന ശ്രീമതി ഹെലൻ തൻ്റെ ജീവിതസാക്ഷ്യം പങ്കുവെച്ചത് വിശ്വാസികൾക്ക് ആത്മീയ ഉണർവ് നൽകി. ലണ്ടൻ, മെക്സിക്കോ, വിന്നിപെഗ് എന്നിവിടങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഹെലൻ. ദൈവസാന്നിധ്യം നിറഞ്ഞ മനോഹരമായ ആരാധനാ സമയവും വിശ്വാസികൾക്ക് വലിയ പ്രചോദനമായി. പരിപാടികൾക്ക് ശേഷം പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

സിസ്റ്റർ സിജി നൽകിയ പ്രബോധനവും ബ്രദർ ജോസഫ് നടത്തിയ ഹൃദയസ്പർശിയായ സമാപന പ്രാർത്ഥനയും പരിപാടിയുടെ മാറ്റ് കൂട്ടി. കേവലം ഒരു പരിപാടി എന്നതിലുപരി, ദൈവസ്നേഹവും സന്തോഷവും യേശുക്രിസ്തുവിലുള്ള നിത്യനിധിയും അനുഭവിച്ച ഒരു ദിവസമായിരുന്നു VBS എന്ന് സംഘാടകർ അറിയിച്ചു.







