പ്രവിശ്യയിലെ ശിശു പരിപാലന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 3.3 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ആൽബർട്ട സർക്കാർ. ഇതിലൂടെ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ പഠിക്കുന്നവർക്കും സാമ്പത്തിക സഹായം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതി പ്രകാരം, അംഗീകൃത ഏർളി ലേണിംഗ് ആൻഡ് ചൈൽഡ് കെയർ (ELCC) സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അർഹരായ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ്, പുസ്തകങ്ങൾ, താമസച്ചെലവുകൾ എന്നിവയ്ക്കായി 10,000 ഡോളർ വരെ സാമ്പത്തിക സഹായം ലഭിക്കും. യോഗ്യതയുള്ള കൂടുതൽ പേരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും മികച്ച പരിശീലനം നൽകുന്നതിനും ഇത് സഹായിക്കും.
ഈ ധനസഹായം ലഭിക്കുന്ന വിദ്യാർത്ഥികൾ 18 മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് പൂർത്തിയാക്കി, പഠനം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ ലെവൽ 2 ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേറ്ററായി ജോലിയിൽ പ്രവേശിക്കണം. പഠന കാലയളവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി രണ്ട് തവണകളായാണ് ഫണ്ട് നൽകുന്നത്.
ഈ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുക മാത്രമല്ല, ചൈൽഡ് കെയർ മേഖലയിലെ പരിശീലനം ലഭിച്ച ജീവനക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ആൽബർട്ടയിലെ കുടുംബങ്ങളെയും സമ്പത് വ്യവസ്ഥയേയും പിന്തുണയ്ക്കുന്നതിൽ ഈ മേഖലയ്ക്ക് നിർണായക പങ്കുണ്ട്. ഈ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 23 ആണ്.
The Alberta government has announced a $3.3 million investment to province's child care sector.






