ചെന്നൈ: ‘കൂലി’ക്ക് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് പുതിയൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രജനികാന്തിനെയും കമൽ ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ഒരുങ്ങുന്നുവെന്നാണ് തമിഴ് സിനിമാ ലോകത്ത് നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. ഈ വാർത്ത സത്യമാവുകയാണെങ്കിൽ 46 വർഷങ്ങൾക്ക് ശേഷമായിരിക്കും ഇരുവരും ഒരുമിച്ച് സ്ക്രീനിൽ എത്തുന്നത്. ‘കൈതി 2’ വിന് മുൻപ് ഈ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. കമൽ ഹാസന്റെ നിർമ്മാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആയിരിക്കും സിനിമയുടെ നിർമ്മാതാക്കൾ എന്നും അഭ്യൂഹങ്ങളുണ്ട്.
കോവിഡ് കാലഘട്ടത്തിനു മുൻപ് ലോകേഷ് ഈ സിനിമയുടെ കഥ കമൽ ഹാസനുമായി ചർച്ച ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രജനികാന്തിന്റെ ‘കൂലി’ എന്ന ചിത്രത്തിനായി ലോകേഷ് 50 കോടി രൂപ പ്രതിഫലം വാങ്ങിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, ‘കൈതി 2’ വിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സുമായി പ്രതിഫലക്കാര്യത്തിൽ ചർച്ചകൾ പൂർത്തിയാകാത്തതാണ് പുതിയ ചിത്രം വേഗത്തിലാക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, തുടർച്ചയായി മൂന്ന് സിനിമകൾക്ക് 400 കോടിയിലധികം രൂപ കളക്ഷൻ നേടിയ തമിഴിലെ ആദ്യ സംവിധായകൻ എന്ന റെക്കോർഡ് ലോകേഷ് കനകരാജ് സ്വന്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച സിനിമകളിലൂടെ വലിയ ആരാധകരെ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും, രജനിയും കമലും ഒരുമിച്ചെത്തുമെന്ന വാർത്ത ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്. ഈ ബ്രഹ്മാണ്ഡ കൂട്ടുകെട്ട് യാഥാർത്ഥ്യമായാൽ തമിഴ് സിനിമയിലെ തന്നെ വലിയ സംഭവങ്ങളിലൊന്നായി ഇത് മാറിയേക്കാം.



