കനേഡിയൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ ഉപതിരഞ്ഞെടുപ്പുകളിലൊന്നാണ് ആൽബെർട്ടയിലെ ബാട്ടിൽ റിവർ-ക്രൗഫൂട്ട് മണ്ഡലത്തിൽ നടക്കുന്നത്. കൺസർവേറ്റീവ് പാർട്ടി നേതാവായ പിയറി പൊയിലിവ്രെയാണ് ഇവിടെ ജനവിധി തേടുന്നത്. പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തന്റെ മണ്ഡലമായ കാർലെറ്റണിൽ പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഈ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കൺസർവേറ്റീവ് പാർട്ടിയുടെ ഉറച്ച കോട്ടയാണ് ബാട്ടിൽ റിവർ-ക്രൗഫൂട്ട് മണ്ഡലം. മുൻപ് ഇവിടെ നിന്ന് വിജയിച്ച ഡാമിയൻ കുറേക്ക്, പൊയിലിവ്രെക്ക് മത്സരിക്കുന്നതിനായി എം.പി. സ്ഥാനം രാജിവെച്ചതാണ് ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്.
ഈ മണ്ഡലത്തിലെ ജനങ്ങൾ വോട്ട് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, പൊയിലിവ്രെ വിജയിക്കുമോ അതോ വീണ്ടും പരാജയം ഏറ്റുവാങ്ങുമോ എന്ന ആകാംഷയിലാണ് കാനഡയിലെ രാഷ്ട്രീയ നിരീക്ഷകർ. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളാണ് ഈ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, ആകെ 214 പേർ. തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി വാദിക്കുന്ന ‘ലോംഗസ്റ്റ് ബാലറ്റ് കമ്മിറ്റി’യുമായി ബന്ധമുള്ളവരാണ് ഈ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും. ഈ വിഷയത്തിൽ പൊയിലിവ്രെ തന്റെ അതൃപ്തി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ‘ഇവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താത്തവർ ആണെന്നും, ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും’ അദ്ദേഹം ആരോപിച്ചു.
റെക്കോർഡ് എണ്ണം സ്ഥാനാർത്ഥികൾ ഉള്ളതുകൊണ്ട് തന്നെ ഇത്തവണ വോട്ടെടുപ്പിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാലറ്റ് പേപ്പറുകൾക്ക് പകരം, വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ പേര് എഴുതാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. വോട്ടെണ്ണൽ സാധാരണയേക്കാൾ കൂടുതൽ സമയം എടുക്കുമെന്ന് ഇലക്ഷൻസ് കാനഡ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, വോട്ടെണ്ണൽ രാത്രി വൈകിയാലും പൂർത്തിയാക്കുമെന്നും അവർ ഉറപ്പ് നൽകുന്നു.
കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി പിയറി പൊയിലിവ്രെയും, ലിബറൽ പാർട്ടിക്ക് വേണ്ടി ഡാർസി സ്പാഡി, എൻ.ഡി.പിക്ക് വേണ്ടി കാതറിൻ സ്വാമ്പി, ഗ്രീൻ പാർട്ടിക്ക് വേണ്ടി ആഷ്ലി മക്ഡൊണാൾഡ്, പീപ്പിൾസ് പാർട്ടിക്ക് വേണ്ടി ജോനാഥൻ ബ്രിഡ്ജസ് എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. പോളിവ്രെക്ക് പാർലമെന്റിൽ അംഗത്വം ഇല്ലാത്തതിനാൽ ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവായി പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പകരം മുൻ പാർട്ടി നേതാവ് ആൻഡ്രൂ ഷീറാണ് ഈ ചുമതലകൾ താൽക്കാലികമായി നിർവഹിച്ചിരുന്നത്.
ഈ ഉപതിരഞ്ഞെടുപ്പ് പിയറി പൊയിലിവ്രെക്ക് നിർണായകമാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് ഭരണം നേടാൻ സാധിക്കാതെ വന്നാൽ, അടുത്ത ജനുവരിയിൽ അദ്ദേഹത്തിന്റെ പാർട്ടി നേതൃസ്ഥാനം പാർട്ടി അംഗങ്ങൾ പുനരവലോകനം ചെയ്യും. ഈ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിലെ വിജയം പൊയിലിവ്രെക്ക് പാർട്ടിയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സഹായകമാകും.



