രാജ്യത്ത് വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വ്യാജമദ്യത്തിനെതിരെ കുവൈത്ത് ആഭ്യന്തരമന്ത്രാലയം റെയ്ഡ് ശക്തമാക്കി. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സാ നേരിട്ട് നേതൃത്വം നൽകിയ റെയ്ഡിൽ, കണ്ടാൽ കുടിവെള്ളക്കുപ്പിയാണെന്ന് തോന്നിപ്പിക്കുന്ന കുപ്പികളിൽ വിതരണത്തിനായി കൊണ്ടുപോയ വ്യാജമദ്യം പിടികൂടി. റെയ്ഡിൽ സ്ത്രീകളുൾപ്പെടെ നൂറിലധികം പേർ അറസ്റ്റിലായി.
വ്യാജമദ്യ നിർമ്മാണ ശൃംഖലയിൽപ്പെട്ട നൂറിലധികം പേരെയാണ് ഒറ്റയടിക്ക് പിടികൂടിയത്. ആറ് അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളും നാല് വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങളും കണ്ടെത്തി. വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്ന നാല് നേപ്പാളി പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
വാഹനങ്ങൾ തടഞ്ഞും വീടുകളുടെ വാതിൽ തകർത്ത് അകത്തുകടന്നുമാണ് റെയ്ഡ് നടത്തിയത്. അരയിലൊളിപ്പിച്ച് വിതരണത്തിനായി കൊണ്ടുപോയ മദ്യക്കുപ്പികളും പിടിച്ചെടുത്തു. വീടുകൾക്കകത്ത് വലിയ വാറ്റുപകരണങ്ങളും വൻതോതിൽ നിർമ്മാണത്തിലിരിക്കുന്ന മെഥനോളും കണ്ടെത്തി. കുവൈത്ത് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ നടപടിയാണ് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തുന്നത്.
പ്രധാന നടത്തിപ്പുകാരനായ നേപ്പാളി പൗരൻ ഭൂപൻ ലാൽ അൽ സലാമയിൽ വെച്ച് മെഥനോൾ നിർമ്മിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാളെക്കൂടാതെ മൂന്ന് നേപ്പാളി പൗരന്മാരും ഒരു ബംഗ്ലാദേശി പൗരനും പിടിയിലായി. വിഷമദ്യ ദുരന്തത്തിൽപ്പെട്ട 35 നേപ്പാളി പൗരന്മാരിൽ പത്ത് പേർ മരിച്ചതായാണ് വിവരം. ചികിത്സയിൽ കഴിയുന്ന മിക്കവരുടെയും നില ഗുരുതരമായി തുടരുകയാണ്.
മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. നേരത്തെ, പ്രവാസി സ്ത്രീ നടത്തിയ മദ്യനിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ, മദ്യവിൽപ്പന നടത്തിയ ഇന്ത്യക്കാരും പിടിയിലായിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് കുവൈത്തിൽ വ്യാപക പരിശോധനകൾ ശക്തമാക്കിയത്.



