കനേഡിയൻ വിമാനക്കമ്പനിയായ എയർ കാനഡയുടെ സർവീസുകൾ ഇന്ന് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫ്ലൈറ്റ് അറ്റൻഡന്റ്‌സിന്റെ സമരം ഒത്തുതീർപ്പാക്കാൻ ഫെഡറൽ സർക്കാർ നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ഇന്ന് രാത്രിയോടെ ആദ്യ വിമാനങ്ങൾ സർവീസ് നടത്തുമെന്നും, എന്നാൽ വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങാൻ ഏതാനും ദിവസങ്ങളെടുക്കുമെന്നും എയർ കാനഡ പ്രസ്താവനയിൽ അറിയിച്ചു. കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിന്റെ നിർദ്ദേശപ്രകാരം ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് ഉച്ചകഴിഞ്ഞ് 2 മണിക്ക് (കിഴക്കൻ സമയം) ജോലിക്കായി പ്രവേശിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ലൈറ്റ് അറ്റൻഡന്റ്‌സും എയർ കാനഡയും തമ്മിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ചയാണ് സമരം ആരംഭിച്ചത്. കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) എന്ന യൂണിയനാണ് ഫ്ലൈറ്റ് അറ്റൻഡന്റ്‌സിനെ പ്രതിനിധീകരിക്കുന്നത്. എന്നാൽ സമരം തുടങ്ങി 12 മണിക്കൂറിനുള്ളിൽ തന്നെ ഫെഡറൽ സർക്കാർ ഇടപെട്ട് ജീവനക്കാരോട് തിരികെ ജോലിക്ക് പ്രവേശിക്കാൻ ഉത്തരവിട്ടു. തുടർന്ന്, തർക്കങ്ങൾ പരിഹരിക്കുന്നതിനായി നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിക്കുകയായിരുന്നു.
സർക്കാർ നടപടിക്കെതിരെ യൂണിയൻ അതൃപ്തി രേഖപ്പെടുത്തി. എയർ കാനഡയുടെ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങിയെന്ന് ഫെഡറൽ തൊഴിൽ വകുപ്പ് മന്ത്രി പാറ്റി ഹൈഡുവിനെതിരെ യൂണിയൻ ആരോപിച്ചു. എയർ കാനഡയിലെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റ്‌സിനെ പ്രതിനിധീകരിക്കുന്ന CUPE യൂണിയൻ, ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ എയർ കാനഡയും ജീവനക്കാരെ ജോലിക്കായി പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചുകൊണ്ട് ലോക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വിമാനസർവീസുകൾ പൂർണ്ണമായും നിലച്ചത്.
Relief for passengers; Air Canada services resume



