ന്യൂയോർക്ക് സിറ്റിയിൽ ലീജണേഴ്‌സ് രോഗം ബാധിച്ച് നാല് പേർ മരിച്ച സംഭവം നഗരത്തിൽ ആശങ്ക പടർത്തുന്നു. 99 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 17 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്ന് അധികൃതർ അറിയിച്ചു. അണുബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും രോഗ വ്യാപനം തടയുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചതായി ന്യൂയോർക്ക് സിറ്റി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഈ രോഗം ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ സമയബന്ധിതമായ ചികിത്സയുടെ പ്രാധാന്യം ആരോഗ്യ വിദഗ്ദ്ധർ എടുത്തു പറഞ്ഞു.
ഈ അണുബാധ പ്രധാനമായും വ്യാപിച്ചത് സെൻട്രൽ ഹാലെമിലെ ഒരു ആശുപത്രിയിലെയും ക്ലിനിക്കിലെയും ഉൾപ്പെടെ പത്ത് കെട്ടിടങ്ങളിലെ കൂളിങ് ടവറുകളിൽ നിന്നാണ്. അണുബാധ നിയന്ത്രണവിധേയമാക്കാൻ കൂളിങ് ടവറുകളിൽ ആവശ്യമായ പരിഹാര നടപടികൾ നടന്നുവരുന്നതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. നിലവിൽ നഗരത്തിലെ കുടിവെള്ളമോ, ജലവിതരണ സംവിധാനമോ സുരക്ഷിതമല്ലാത്ത അവസ്ഥയിലല്ലെന്നും വായുവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ബാക്ടീരിയയുടെ വ്യാപനം കുറഞ്ഞതിന്റെ സൂചനയാണെന്ന് ആക്റ്റിങ് ഹെൽത്ത് കമ്മീഷണർ ഡോ. മിഷേൽ മോർസ് പറഞ്ഞു.
ന്യുമോണിയയുടെ ഒരു തീവ്രരൂപമായ ലീജണേഴ്‌സ് ഡിസീസ്, ലീജിയോണെല്ല എന്ന ബാക്ടീരിയയാണ് ഉണ്ടാക്കുന്നത്. വെള്ളത്തിലും മണ്ണിലും കാണുന്ന ഈ ബാക്ടീരിയയെ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുകവലിക്കുന്നവർ എന്നിവരിൽ രോഗസാധ്യത കൂടുതലാണ്. തലവേദന, പേശീവേദന, ഉയർന്ന പനി, ചുമ, ശ്വാസ തടസ്സം, നെഞ്ചുവേദന, വയറുവേദന, മാനസികാവസ്ഥയിലെ വ്യതിയാനങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൃത്യസമയത്ത് ആന്റിബയോട്ടിക് ചികിത്സ നൽകിയാൽ രോഗം നിയന്ത്രിക്കാൻ സാധിക്കും. അല്ലാത്തപക്ഷം, ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങളെ ഗുരുതരമായി ബാധിക്കാനും ആരോഗ്യനില വഷളാക്കാനും സാധ്യതയുണ്ട്.
അതേസമയം, ലീജിയോണെല്ല ബാക്ടീരിയ കാരണം ഉണ്ടാകുന്ന മറ്റൊരു രോഗമായ പോൺടിയാക് ഫീവർ, ശ്വാസകോശത്തെ ബാധിക്കാറില്ല. പനി, തലവേദന, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ഒരാഴ്ചയ്ക്കുള്ളിൽ ഈ രോഗം ഭേദമാകാറുണ്ട്. എന്നാൽ, ലീജണേഴ്‌സ് രോഗം ചികിത്സ വൈകിയാൽ ശ്വാസകോശത്തിന് തകരാറുകൾ വരുത്താനും ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അതിനാൽ, രോഗലക്ഷണങ്ങൾ അവഗണിക്കാതെ ആരോഗ്യവിദഗ്ദ്ധന്റെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.



