ന്യൂ ബ്രൺസ്‌വിക്കിൽ മൂന്ന് കാട്ടുതീ നിയന്ത്രണാതീതമായി പടരുകയാണ്. മിറാമിച്ചിയിലും ഐറിഷ്‌ടൗണിലുമുണ്ടായ കാട്ടുതീക്ക് പുറമെ ബാത്തസ്റ്റ് നഗരത്തിനടുത്ത് പുതിയൊരു തീപിടിത്തം കൂടി റിപ്പോർട്ട് ചെയ്തതായി പ്രീമിയർ സൂസൻ ഹോൾട്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “സാഹചര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ പ്രവിശ്യയെ സംബന്ധിച്ച് ഭയപ്പെടുത്തുന്ന സമയമാണ്. നിങ്ങളെയും നിങ്ങളുടെ സമൂഹത്തെയും വനങ്ങളെയും സംരക്ഷിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്,” ഹോൾട്ട് പറഞ്ഞു.
മിറാമിച്ചിയിലെ ഓൾഡ്ഫീൽഡ് റോഡ് തീപിടിത്തം 450 ഹെക്ടറായി വർധിച്ചതായി പ്രകൃതി വിഭവ വകുപ്പ് മന്ത്രി ജോൺ ഹെറോൺ പറഞ്ഞു. “ഇപ്പോൾ ഈ തീ നിയന്ത്രണവിധേയമാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. പക്ഷെ ഇത് ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താതെ വഴിതിരിച്ചുവിടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്,” ഹെറോൺ വ്യക്തമാക്കി. വെള്ളിയാഴ്ച 65 ഹെക്ടറായിരുന്ന തീപിടിത്തം ശനിയാഴ്ച 160 ഹെക്ടറായും പിന്നീട് 240 ഹെക്ടറായും വർധിച്ചു. തിങ്കളാഴ്ച രാവിലെ ഇത് 340 ഹെക്ടറായി കണക്കാക്കപ്പെട്ടിരുന്നു. തീയുടെ ദിശ മാറിയാൽ ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുള്ളതിനാൽ 15 വീടുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഐറിഷ്‌ടൗണിൽ കാട്ടുതീ 30 ഹെക്ടറിലേക്ക് വ്യാപിച്ചിട്ടുണ്ട്. തീപിടിത്തം ശക്തമായതിനെത്തുടർന്ന് നാല് എയർ ടാങ്കറുകളും രണ്ട് സ്കിമ്മറുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഐറിഷ്‌ടൗൺ, ടാങ്ക്വിൽ, ഇവാഞ്ചലൈൻ, ലേക്ക്‌വിൽ എന്നിവിടങ്ങളിലെ ആളുകളോട് ഏത് സമയവും ഒഴിഞ്ഞുപോകാൻ തയ്യാറെടുക്കാൻ നിർദേശം നൽകി.
മോക്ടണിൽ അഗ്നിശമന സേനാംഗങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തെ തുടർന്ന് എൽമ്‌വുഡ് ഡ്രൈവ്, ഗ്രാനൈറ്റ് ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളിൽ ‘വെള്ളം തിളപ്പിച്ച് മാത്രം ഉപയോഗിക്കാനുള്ള’ മുന്നറിയിപ്പ് നൽകി. കാന്റർബറിയിൽലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.
പ്രവിശ്യയിലെ കാട്ടുതീ സാഹചര്യം “ഗുരുതരവും അപ്രതീക്ഷിതവുമാണെന്ന്” മന്ത്രി ജോൺ ഹെറോൺ പറഞ്ഞു. കൂടുതൽ അഗ്നിശമന സേനാംഗങ്ങളെ അയയ്ക്കാൻ കനേഡിയൻ ഇന്റർ ഏജൻസി ഫോറസ്റ്റ് ഫയർ സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രവിശ്യയിൽ വനമേഖലയിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഹൈക്കിംഗ്, ക്യാമ്പിംഗ്, മീൻപിടുത്തം തുടങ്ങിയവയ്ക്ക് അനുമതിയില്ല. ക്യാമ്പിംഗ് സൈറ്റുകളിൽ മാത്രമേ ടെന്റടിക്കാൻ അനുമതിയുള്ളൂ. പക്ഷെ, സ്ഥിതി മെച്ചപ്പെടുന്നത് വരെ യാത്രാ പദ്ധതികൾ മാറ്റിവയ്ക്കാൻ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രവിശ്യയിലാകെ തീയിടുന്നതിന് നിരോധനമുണ്ട്. ഫ്രെഡറിക്ടൺ, സെന്റ് ജോൺ, മൊൺക്ടൺ എന്നിവിടങ്ങളിലെ എല്ലാ പാർക്കുകളും ട്രെയിലുകളും താൽക്കാലികമായി അടച്ചു.
Three wildfires now out of control in New Brunswick; Miramichi fire grows to 450 hectares






